രാജാക്കാട്: കുട്ടികൾക്കിടയിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല കഞ്ഞിക്കാലയം തങ്കവിലാസം തങ്കമാണ് (28) സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. മൂന്ന് പൊതികളിലാക്കിയ 15 ഗ്രാം കഞ്ചാവ് പ്രതിയിൽ നിന്ന് കണ്ടെടുത്തു. ഉടുമ്പൻചോല ടൗണിലും, പരിസര പ്രദേശങ്ങളിലും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കുട്ടികൾക്ക് യുവാവ് കഞ്ചാവ് വിറ്റിരുന്നതായി പൊലീസ് പറഞ്ഞു. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വിറ്റതിന് പ്രതിക്കെതിരെ ശാന്തമ്പാറ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എ.എസ്.ഐ ഇബ്രാഹിം, സി.പി.ഒമാരായ ആസിഫ്, സനീഷ്, കബീർ എന്നിവരുടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.