honey
തെങ്ങുകളിൽ നിന്നും വീണ തേൻ തുള്ളികൾ

മറയൂർ: തെങ്ങോലകളിൽ നിന്ന് തേൻ തുള്ളികൾ ഇറ്റിറ്ര് വീഴുന്നു. മറയൂർ സഹായ ഗിരി അഭയ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥലത്തെ തെങ്ങുകളിൽ നിന്നാണ് മധുരമുള്ള തുള്ളികൾ നിരന്തരമായി താഴെ വീഴുന്നത്. കഴിഞ്ഞ ഒരു മാസമായി ഈ അദ്ഭുത പ്രതിഭാസം തുടങ്ങിയിട്ട്. തെങ്ങിന്റെ ഓലയുടെ അറ്റത്ത് നിന്നാണ് തുള്ളികൾ താഴെക്ക് പതിക്കുന്നത്. സ്ഥാപനത്തിന്റെ ഡയറക്ടർ ജോജി കുറ്റിക്കൽ കെട്ടിടത്തിന്റെ മുൻവശത്ത് കോൺക്രീറ്റ് തറയിൽ വീണു കിടക്കുന്ന തുള്ളികൾ തുടക്കത്തിൽ കണ്ടിരുന്നെങ്കിലും കാര്യമാക്കിയില്ല. എന്നാൽ ഇതിൽ ചവുട്ടിയാൽ ഒട്ടിപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് മറയൂർ കൃഷി ഓഫീസർ പ്രിയ പീറ്ററെ വിവരം അറിയിച്ചു. പ്രിയ പീറ്റർ, നിഷാദ്.പി.എസ് എന്നീ കൃഷി ഓഫീസിലെ ജീവനക്കാരെത്തി പരിശോധിച്ചപ്പോഴാണ് മധുരമുള്ള തുള്ളികളാണിതെന്ന് കണ്ടെത്തിയത്. സമീപതെങ്ങുകളിൽ നിന്നും ഇതുപോലെ തുള്ളികൾ വീഴുന്നുണ്ട്.


തേൻ തുള്ളികൾ കീടബാധ മൂലം
മുഞ്ഞ, ശൽക്ക കീടങ്ങൾ എന്നീ രണ്ടു തരം കീടങ്ങൾ തേൻ തുള്ളി പോലെയുള്ള ദ്രാവകം ഉത്പാദിപ്പിക്കും. ഇവ മധുരമുള്ള കണങ്ങളായിരിക്കും. ഇവ ഇലകളെ ബാധിക്കുന്നു. കീടങ്ങൾ ഇലകളുടെ നീരൂറ്റി കുടിക്കുന്നു. ഇത് കൂടാതെ ഈ തേൻ തുള്ളികളിൽ പൂപ്പൽ ബാധ ഉണ്ടാക്കും. ഇത് ബാധിക്കുന്ന ചെടിയിലും തേൻകണങ്ങൾ വീണാൽ താഴെ നിൽക്കുന്ന ചെടികളിലും ബാധിക്കും. ഇലകളിൽ കറുത്ത ഒരു ആവരണം പോലെ ഉണ്ടാവുകയും പ്രകാശസംശ്ലേഷണത്തെ ബാധിക്കുകയും ചെയ്യും. തേനിച്ച, ഉറമ്പ് എന്നിവയ്ക്ക് ഈ തേൻ കണങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്. മറ്റു സസ്യങ്ങളെയും ഇവ ബാധിക്കും.

-പ്രിയ പീറ്റർ (കൃഷി ഓഫീസർ)​