തൊടുപുഴ: പ്രളയത്തിൽ നശിച്ച ഇരുചക്ര വാഹനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ. കോടിക്കുളം പാറത്തട്ട പ്ലാശേരിയിൽ കണ്ണൻ പുഷ്‌കരൻ (30), സഹായി കോടിക്കുളം വെള്ളംചിറ, കാഞ്ഞിരത്തിങ്കൽ ബിജു ജോസ് (44) എന്നിവരെയാണ് കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ രസീത് നൽകി പണം തട്ടിയതിന് കണ്ണനെതിരെ മറ്റൊരു കേസുമെടുത്തു. കാളിയാർ പൊലീസ് സ്റ്റേഷനിൽ നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ സജിൻ ലൂയിസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. പ്രളയത്തിൽ വെള്ളം കയറിയ ഇരുചക്ര വാഹനങ്ങൾ 55,000 രൂപ നിരക്കിൽ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നുമായി പണം ശേഖരിക്കുകയും വിശ്വാസം ജനിപ്പിക്കുന്നതിനായി പത്തോളം വാഹനങ്ങൾ വാങ്ങി നൽകുകയും ചെയ്തു. പിന്നീട് കൂടുതൽ ആളുകളിൽ നിന്നായി 30 ലക്ഷത്തോളം രൂപ കൈക്കലാക്കി. ഇതിനായി ആവശ്യക്കാരെ കണ്ടുപിടിച്ച് പണം ശേഖരിക്കലായിരുന്നു ബിജുവിന്റെ ചുമതല. കണ്ണൻ പുഷ്‌കരൻ നേരത്തെ കളക്ഷൻ എക്‌സിക്യുട്ടീവായി ജോലി ചെയ്തിരുന്ന ഫിനാൻസ് കമ്പനിയിലേക്ക് സി.സി തവണ അടയ്ക്കുന്ന ആളുകൾക്ക് വ്യാജ രസീത് നൽകി പണം സ്വീകരിച്ച് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ, വാഴക്കുളം, പോത്താനിക്കാട്, കോതമംഗലം, കാളിയാർ, കരിമണ്ണൂർ, തൊടുപുഴ, വണ്ണപ്പുറം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. സംഭവത്തിൽ കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ പിടിയിലായതറിഞ്ഞ് നിരവധി പേരാണ് പരാതിയുമായെത്തുന്നത്. സ്വർണ്ണക്കട വ്യാപാരിയെ കബളിപ്പിച്ചും കണ്ണൻ പണം കൈക്കലാക്കിയതായി പരാതിയുണ്ട്. കണ്ണൻ പുഷ്‌കരന്റെ കൂടുതൽ തട്ടിപ്പിനെകുറിച്ച് പൊലിസ് അന്വേഷണം ഊർജിതമാക്കി. സി.ഐ സജിൻ ലൂയിസ്, എസ്.ഐ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികൾ കണ്ണൻ, ബിജു