നെടുങ്കണ്ടം: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പര്യടനത്തിന് രണ്ടാം ദിനം ഉടുമ്പൻചോലനിയോജക മണ്ഡലത്തിൽ ആവേശകരമായ തുടക്കം. തങ്ങളുടെ സ്വന്തം സ്ഥാനാർത്ഥിയെ നെഞ്ചോടു ചേർത്താണ് ഇടുക്കിയിലെ കാർഷിക ജനത ഓരോ മേഖലയിലും സ്വീകരണം നൽകിയത്. കൊടിതോരണങ്ങളും പ്ലാക്കാർഡുകളും കൈയിലേന്തി നൂറുകണക്കിന് ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് ഒരോ സ്വീകരണ കേന്ദ്രങ്ങിലേക്കും സ്ഥാനാർത്ഥിയെ ആനയിച്ചത്. കുട്ടികളും സ്ത്രീകളും കണിക്കൊന്ന പൂക്കൾ നൽകിയാണ് സ്വീകരിച്ചത് .കുട്ടികൾ മുതൽ പ്രായമായവർ വരെ സ്ഥാനാർത്ഥിക്ക് അഭിവാദ്യം അർപ്പിക്കാൻ വഴിയോരങ്ങളിൽ കാത്തു നിന്നിരുന്നു. രണ്ടാഴ്ചയായി പാർലമെന്റ് മണ്ഡലത്തിലുടെ നീളം സൗഹൃദ സന്ദർശനങ്ങളിൽ നിന്നും ലഭിച്ച് ആവേശ നിർഭരമായ സ്വീകണത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഡീൻ കുര്യാക്കോസ് ഇന്നലെ രാവിലെ വണ്ടൻമേട് മണ്ഡലത്തിലെ കടശിക്കടവിൽ നിന്ന് തിരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിടുന്നത്. നിയോജക മണ്ഡലം ചെയർമാൻ ജിൻസൺ വർക്കിയുടെ അദ്ധ്യക്ഷതയിൽ മുൻ എം.എൽ.എ ഇ.എം. അഗസ്തി ഉദ്ഘാടനം ചെയ്തു. പി.പി. സുലൈമാൻ റവത്തർ, കെ.വി. ജോർജ് കരിമറ്റം, കെ.ആർ. സുകുമരൻ നായർ, സേനാപതി വേണു, എം.എൻ. ഗോപി, വൈ.സി. സ്റ്റിഫൻ, ഇ.കെ. വാസു തുടങ്ങിയവർ സംസാരിച്ചു.

ഡീൻ ഇന്ന് പീരുമേട്

ഡീൻ ഇന്നു പീരുമേട് നിയോജകമണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ 7.30ന് മാട്ടുക്കട്ടയിൽ മുൻ ഡി.സി.സി പ്രസിഡന്റ് എം.ടി തോമസ് ഉദ്ഘാടനം ചെയ്യും. തുടർന്ന്‌ മേരികുളം, പരപ്പ്, ആലടി, ചപ്പാത്ത്, പച്ചക്കാട്, മരുതും പേട്ട പുല്ലമേട്, ആനവിലാസം, മേനോൻ സുൽത്താൻ കട, അണക്കര, ചക്കുപള്ളം, ഒന്നാംമൈൽ, റോസാപ്പൂക്കണ്ടം, മന്നാക്കുടി, കൊല്ലം പട്ടട, വെള്ളാരംകുന്ന്, മൂങ്കലാർ, ചെങ്കര, തേങ്ങാക്കൽ, നാലുകണ്ടീ, കീരിക്കര, പശുമല, വണ്ടിപ്പെരിയാർ,വാളാഡി, ചോറ്റുപാറ, നെല്ലിമല, കക്കി കവല, കറുപ്പ് പാലം, തങ്കമല, വള്ളിക്കടവ്, മൗണ്ട്, അരണക്കൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം രാത്രി എട്ടിന് ഗ്രാംബിയിൽ പര്യടനം സമാപിക്കും.