തൊടുപുഴ: 2018- 2019 സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ പദ്ധതി പ്രവർത്തനങ്ങളിൽ നൂറ് ശതമാനം ഫണ്ടും ചിലവഴിച്ച് അറക്കുളം, വെള്ളിയാമറ്റം, മുട്ടം പഞ്ചായത്തുകൾ ജില്ലയിൽ ഒന്നമതെത്തി. അറക്കുളം പഞ്ചായത്തിൽ 216 പദ്ധതികളിലായി 46,345,000 രൂപയുടെയും വെള്ളിയാമറ്റം പഞ്ചായത്തിൽ 193 പദ്ധതികളിലായി 36,411,000 രൂപയുടെയും മുട്ടം പഞ്ചായത്തിൽ 100 പദ്ധതികളിലായി 16,211,000 രൂപയുടെയും പദ്ധതികളാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പിലാക്കിയത്. 52 പഞ്ചായത്തുകളിൽ ഏറ്റവും കുറവ് പദ്ധതി തുക ചിലവഴിച്ചത് ഇടമലക്കുടിയാണ്. ഇവിടെ 14,938,000 രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയെങ്കിലും 6,704,000 രൂപയുടെ പ്രവർത്തനങ്ങൾ മാത്രമാണ് നടപ്പിലായത്. ആകെ പദ്ധതി തുകയുടെ 44.88 ശതമാനം. ജില്ലയിൽ ഏറ്റവും കൂടുതൽ തുകയ്ക്കുള്ള പദ്ധതികൾ തയ്യാറാക്കിയത് വണ്ടിപ്പെരിയാർ പഞ്ചായത്താണ്. 11,95,39,000 രൂപയുടെ പദ്ധതികൾ തയ്യാറാക്കിയെങ്കിലും സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 7,​85,​93,000 രൂപയുടെ പ്രവർത്തികളാണ് പൂർത്തീകരിച്ചത്. ആകെ തുകയുടെ 65.75 ശതമാനം. കുമളി പഞ്ചായത്തിലെ ആകെ പദ്ധതി തുക 11,​79,​00,000 രൂപയാണെങ്കിലും ചിലവഴിച്ചത് 8,​86,​03,000 രൂപ മാത്രമാണ്. അതായത് ആകെ പദ്ധതി തുകയുടെ 75.14 ശതമാനം. ഇടമലക്കുടി കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ പദ്ധതി തുകയുള്ളത് ആലക്കോട് പഞ്ചായത്താണ്. ഇവിടെ 1,​23,​47,000 രൂപയുടെ പദ്ധതികൾ തയ്യാറാക്കിയെങ്കിലും 1,​12,​78,000 രൂപയുടെ പ്രവർത്തികളാണ് ഇവിടെ നടപ്പിലാക്കിയത്.

95 ശതമാനത്തിന് മുകളിലെത്തിയ പഞ്ചായത്തുകൾ

അറക്കുളം- 100%

വെള്ളിയാമറ്റം- 100%

മുട്ടം- 100%

നെടുങ്കണ്ടം- 99.82%

ഇടവെട്ടി- 99.41%

മണക്കാട്- 97.57 7%

കരിങ്കുന്നം- 96.42 8%

വട്ടവട- 96.05%

വെള്ളത്തൂവൽ- 95.39%

കോക്കയർ- 95.03%