അടിമാലി: നികുതി പിരിവിൽ മികവ് തെളിയിച്ച് അടിമാലി പഞ്ചായത്ത്. പഞ്ചായത്തിൽ ഇരുപത് വർഷത്തിനിപ്പുറം ഏറ്റവും അധികം നികുതി പിരിഞ്ഞ് കിട്ടിയ സാമ്പത്തിക വർഷമാണ് 2018- 2019. 1.26 കോടി രൂപയാണ് പഞ്ചായത്തിൽ നികുതി ഇനത്തിൽ വരുമാനമായി ലഭിക്കേണ്ടത്. ഇതിൽ 1,​20,​46000 രൂപയും പിരിച്ചെടുത്തു. 1995 നുശേഷം ഏറ്റവും അധികം നികുതി പിരിഞ്ഞ് കിട്ടിയ സാമ്പത്തിക വർഷമാണിതെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.എൻ. സഹജൻ പറഞ്ഞു. ആകെയുള്ള 21 വാർഡുകളിൽ ഒമ്പതിടത്ത് നിന്നും 100 ശതമാനവും നികുതി കണ്ടെത്തി. ടൗൺ ഭാഗം ഉൾക്കൊള്ളുന്ന 15-ാം വാർഡിൽ നിന്ന് മാത്രം 38,​49,​000 രൂപ നികുതിയായി പിരിച്ചെടുത്തു. നികുതി പിരിവിൽ മികച്ച പ്രവർത്തനം കാഴ്ച വച്ചതിന് പിന്നിൽ പഞ്ചായത്ത് ജീവനക്കാരുടെയും ഭരണസമതിയുടെയും ആത്മാർത്ഥ പ്രവർത്തനമുണ്ട്. അവധി ദിവസങ്ങളിലും അധിക സമയത്തും ജീവനക്കാർ നികുതി സ്വീകരിക്കാൻ ജോലി ചെയ്തിരുന്നു.