road
കത്തിപ്പാറ ഭാഗത്ത് പുനർ നിർമ്മാണം ആരംഭിച്ചപ്പോൾ

അടിമാലി: മണ്ണിടിച്ചിലിൽ ഒലിച്ചുപോയ അടിമാലി- കുമളി ദേശീയപാതയിലെ കത്തിപ്പാറ ഭാഗത്ത് പുനർ നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയത്തിലായിരുന്നു അടിമാലി കുമളി ദേശിയപാതയിൽ കത്തിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരു ഭാഗം പൂർണമായി താഴേക്ക് പതിച്ചതോടെ ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായി നിലച്ചു. തുടർന്ന് സമീപത്തെ മൺതിട്ട ഇടിച്ച് പാതയുടെ വിസ്താരം വർദ്ധിപ്പിച്ച് താത്കാലിക സംവിധാനമൊരുക്കുകയായിരുന്നു. എന്നാൽ ഇടിഞ്ഞ് പോയ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിച്ചില്ലെങ്കിൽ വരുന്ന മഴക്കാലത്ത് വീണ്ടും പാതയുടെ വശമിടിഞ്ഞ് താഴാനുള്ള സാധ്യത വാഹനയാത്രികരും പ്രദേശവാസികളും പങ്കുവച്ചിരുന്നു. പ്രളയത്തിൽ തകർന്ന പല റോഡുകളുടെയും പുനർനിർമ്മാണം ആരംഭിച്ചിട്ടും കത്തിപ്പാറ ഭാഗത്ത് നിർമ്മാണം ആരംഭിക്കാൻ വൈകുന്നതിൽ പ്രതിഷേധവുമുയർന്നു. കാത്തിരിപ്പിനും പ്രതിഷേധങ്ങൾക്കും വിരാമമിട്ടാണ് കഴിഞ്ഞ ദിവസം അപകട ഭീഷണി ഉയർത്തുന്ന ഭാഗത്ത് സംരക്ഷണ ഭിത്തിയുടെ പുനർനിർമ്മാണം ആരംഭിച്ചത്. മണ്ണിടിച്ചിലിൽ രൂപപ്പെട്ട വലിയ കുഴിയുടെ താഴ്ഭാഗത്ത് നിന്ന് കൽക്കെട്ട് തീർത്ത് പാത നിരപ്പാക്കുന്ന പ്രവർത്തനമാണ് നടന്നു വരുന്നത്. സംരക്ഷണ ഭിത്തി പൂർത്തിയാകുന്നതോടെ പ്രദേശത്ത് നിലനിൽക്കുന്ന മണ്ണിടിച്ചിൽ ഭീഷണിയും ഒഴിവാകും. അടിമാലിയിൽ നിന്ന് കല്ലാറുകുട്ടി, വെള്ളത്തൂവൽ, പണിക്കൻകുടി, മുരിക്കാശേരി, ചെറുതോണി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കത്തിപ്പാറ വഴിയാണ് കടന്നുപോകുന്നത്.