അടിമാലി: തകർന്ന് കിടക്കുന്ന കൊന്നത്തടി പഞ്ചായത്തിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമാക്കുന്നു. വർഷങ്ങളായി മുടങ്ങി കിടക്കുന്ന റീടാറിംഗാണ് പല പാതകളുടെയും പ്രധാന ശാപം. പ്രളയം കൂടി കഴിഞ്ഞതോടെ റോഡുകളിലെ യാത്ര അത്യന്തം ദുഷ്‌കരമായി. ഒരു വിധത്തിലും സുഗമമായി യാത്ര ചെയ്യാനാവാത്ത അവസ്ഥയാണുള്ളതെന്ന് വാഹനയാത്രികർ പരാതിപ്പെടുന്നു. മുന്നണികൾ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിപ്പിക്കുമ്പോൾ തങ്ങളുടെ പ്രധാന പ്രശ്നം ജനപ്രതിനിധികളുടെയും സ്ഥാനാർത്ഥികളുടെയും ശ്രദ്ധയിൽ എത്തിക്കാനാണ് നാട്ടുകാരുടെ തീരുമാനം. ആദ്യം റോഡ് പിന്നെ വോട്ട് റോഡില്ലെങ്കിൽ വോട്ട് നോട്ടക്കെന്ന സന്ദേശവുമായി നാട്ടുകൂട്ടം കൊന്നത്തടി എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ പോസ്റ്ററുകളും പഞ്ചായത്തിലുടനീളം പ്രചരിച്ചു കഴിഞ്ഞു. ഇത്തവണയെങ്കിലും ഗതാഗതയോഗ്യമായൊരു റോഡെന്ന തങ്ങളുടെ ആവശ്യം ജനപ്രതിനിധികൾ മുഖവിലക്കെടുക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.