അടിമാലി: വേനൽ കനത്തതോടെ സഹജീവികൾക്ക് കുടിനീരൊരുക്കി ഇരുമ്പുപാലം മർച്ചന്റ് യൂത്ത് വിംഗ്. വേനൽ കനക്കുകയും ശുദ്ധജലത്തിന്റെ ആവശ്യമേറുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുമ്പുപാലം മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ സഹജീവികളോടുള്ള കരുതലെന്നവണ്ണം ടൗണിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കുടിവെള്ള സൗകര്യമൊരുക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരുമ്പുപാലം യൂണിറ്റ് പ്രസിഡന്റ് ഡെന്നി കുഴിക്കാട്ടിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹ്യ സേവന രംഗത്ത് യൂത്ത് വിംഗ് പ്രവർത്തകർ നടത്തി വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ഒരു കുമ്പിൾ സ്‌നേഹ ജലം എന്ന പുതിയ പദ്ധതിക്കും തുടക്കം കുറിച്ചത്. മർച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് എം.എം. റഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അടിമാലി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. സിയാദ്, ബിനു കെ. തോമസ്, ഗ്രേസി പൗലോസ് എന്നിവർ സംസാരിച്ചു.