തൊടുപുഴ: മലങ്കര- തൊടുപുഴ മൂവാറ്റുപുഴ വൈക്കം ജലപാത തുറന്ന് ടൂറിസം മുന്നേറ്റത്തിന് സാദ്ധ്യത തുറക്കുമെന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് പറഞ്ഞു. തൊടുപുഴയിൽ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേന്ദ്ര ടൂറിസം പദ്ധതിയിലുൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാൻ മുൻകയ്യെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നെല്ലാപ്പാറയിൽ നിന്ന് രാവിലെ ഏഴിനാണ് തൊടുപുഴ നിയോജക മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്. നൂറുകണക്കിന് ആളുകൾ രാവിലെ തന്നെ നെല്ലാപ്പാറയിൽ അണിനിരന്നു. എൽഡിഎഫ് പാർലമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.കെ. ശിവരാമൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് കരിങ്കുന്നം, മ്രാല, പെരുമറ്റം, മുട്ടം, കല്ലാനിക്കൽ, കാഞ്ഞിരമറ്റം, കാരിക്കോട്, ഇടവെട്ടി, ആലക്കോട്, കലയന്താനി, വെള്ളിയാമറ്റം, പൂമാല, നാളിയാനി എന്നിവിടങ്ങളിൽ പര്യടനം നടത്തി ഇളംദേശത്ത് സമാപിച്ചു. പാതയോരങ്ങളിലാകെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറുകണക്കിന് പേരാണ് സ്ഥാനാർത്ഥിയെ കാണുന്നതിനായി കാത്തു നിന്നിരുന്നത്. എൽ.ഡി.എഫ് നേതാക്കളായ കെ.പി. മേരി, വി.വി. മത്തായി, കെ. സലീംകുമാർ, ജോർജ് അഗസ്റ്റിൻ, ഫൈസൽ മുഹമ്മദ്, പി.പി. ജോയി, എം.എം. സുലൈമാൻ, പി.കെ. വിനോദ്, അനിൽ പൂമാല, ടി.ആർ. സോമൻ, പി.പി. അനിൽകുമാർ, എം.കെ. ജോൺസൺ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിലക്കാട്ട്, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
ജോയ്സ് ഇന്ന് ഉടുമ്പൻചോലയിൽ
ജോയ്സ് ഇന്ന് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ വണ്ടൻമേട് പഞ്ചായത്തിലെ ശാസ്തനടയിൽ നിന്ന് പര്യടനം ആരംഭിക്കും. തുടർന്ന് പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളിൽ പര്യടനം നടത്തി തൂക്കുപാലത്ത് സമാപിക്കും.