പീരുമേട്: പാമ്പനാർ ടൗണിൽ റേഷൻ വ്യാപാരിയാണ് റാണികോവിൽ ചാമ്പലാക്കൽ വീട്ടിൽ ജലീൽ. കടയിലെ വിൽപ്പന കൂടാതെ ജലീൽ വീടിനടുത്ത് ഒരു സൗജന്യ റേഷൻ വിതരണം നടത്തുണ്ട്. കൊടും വരൾച്ചയിൽ ഗ്രാമവാസികൾക്ക് കിട്ടാക്കനിയായ മാറിയ ദാഹജലമാണ് ജലീൽ സൗജന്യമായി വിതരണം ചെയ്യുന്നത്. സ്വന്തമായി കുത്തിയ കുഴൽകിണറിലൂടെ ദിനംപ്രതി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് പൈപ്പ് വഴി ജനങ്ങൾക്ക് നൽകുന്നത്. ജലീൽ നാലു വർഷം മുമ്പ് സൗജന്യമായി സ്വന്തം ലോറിയിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിച്ചു നൽകിയിരുന്നു. ലോറി വിറ്റതോടെ വീടുകളിൽ വെള്ളംചോദിച്ചു എത്തുന്നവർക്കും പരിസരവാസികൾക്കും മാത്രമായി ജലവിതരണം ചുരുങ്ങി. പ്രധാന കവലയിൽ 1000 ലിറ്ററിന്റെ ടാങ്കും പൈപ്പ് കണക്ഷനും സ്ഥാപിച്ചു നൽകിയിരുന്നെങ്കിലും സാമൂഹിക വിരുദ്ധരിൽ ചിലർ ഇത് നശിപ്പിച്ചു കളഞ്ഞിരുന്നു. ഇതിനിടെ ഒരു വർഷം മുമ്പ് റാണികോവിലിൽ തന്നെ മറ്റൊരു ഭൂമി വാങ്ങിയ ജലീൽ ഒരാഴ്ച മുമ്പ് ഇവിടെ കുഴൽ കിണർ കുത്തി. ഇതിലെ വെള്ളം മോട്ടർ ഉപയോഗിച്ച് വെള്ളം അടിച്ച് ടാങ്കിൽ എത്തിച്ചശേഷം ഇവിടെ നിന്ന് ഒരു പൈപ്പ് കണക്ഷൻ നാട്ടുകാർക്കായി ഇട്ടു നൽകി. കുഴൽ കിണർ നിർമ്മാണത്തിന് 1,25,000 രൂപ ചിലവായി. വെള്ളം പമ്പ് ചെയ്യുന്നതിന് ആവശ്യമായ വൈദ്യതി ബിൽ നൽകാമെന്ന നാട്ടുകാരുടെ വാഗ്ദാനത്തിന് വെള്ളം ദൈവത്തിന്റെ വരദാനമാമെന്നും ഇത് മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കേണ്ട ദൗത്യം മാത്രമാണ് തന്റേതെന്നുമാണ് ജലീൽ പറയുന്നത്. ഭാര്യ: റജീന. മക്കൾ: ജാഫർ, ആസിഫ്.