മറയൂർ: കാന്തല്ലൂർ ടൗണിലെ ഒഴിഞ്ഞ പറമ്പിൽ അനധികൃതമായി ബാറിലെ പോലെ മദ്യം വിളമ്പിയ സംഭവത്തിൽ രണ്ടു പേർ മറയൂർ പൊലീസിന്റെ പിടിയിലായി. ഇവരിൽ നിന്ന് മൂന്നര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. കാന്തല്ലൂർ ഗൃഹനാഥപുരം സ്വദേശികളായ അയ്യാ സ്വാമി (63), ലക്ഷ്മണൻ (47) എന്നിവരെയാണ് പിടികൂടിയത്. ഒരാളുടെ കൈവശമുള്ള സഞ്ചിയിൽ മദ്യകുപ്പികൾ ഒളിപ്പിച്ചു വച്ചശേഷം മറ്റേയാൾ ഉപഭോക്താക്കൾക്ക് മദ്യം ഒഴിച്ചു കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. മൂന്നാർ ഡി.വൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് മറയൂർ ഐ.പി വി.ആർ. ജഗദീഷ്, എസ്.ഐ. ജി. അജയകുമാർ, ജോളി. എം. ജോസഫ്, ഷിഹാഫ്, ടി.എം. അബ്ബാസ്, അജീഷ് സൈനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി.