ഇടുക്കി: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ എട്ട് സ്ഥാനാർത്ഥികളാണുള്ളത്. ഒമ്പത് പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നത്. യു.ഡി.എഫിന്റെ ഡമ്മി സ്ഥാനാർത്ഥിയായിരുന്ന ഇബ്രാഹിം കുട്ടി കല്ലാറിന്റെ പത്രിക ആവശ്യമായ രേഖകളുടെ അഭാവത്താൽ തള്ളി. നിലവിലുള്ള സ്ഥാനാർത്ഥികൾ- ജോയ്സ് ജോർജ് (എൽ.ഡി.എഫ് സ്വതന്ത്രൻ), ഡീൻ കുര്യാക്കോസ് (യു.ഡി.എഫ്), ബിജു കൃഷ്ണൻ (ബി.ഡി.ജെ.എസ്), ലിതേഷ് പി.ടി (ബി.എസ്.പി), എം. സെൽവരാജ് (വിടുതലൈ പാർട്ടി), റെജിമോൻ ജോസഫ്, ഗോമതി, കെ.എ. ബേബി (സ്വതന്ത്രർ). ജില്ലാ കളക്ടർ എച്ച് ദിനേശൻ, ജനറൽ ഒബ്സർവർ ഗരിമ ഗുപ്ത, ജില്ലാ ലോ ഓഫീസർ ജോഷി തോമസ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ജോസ് ജോർജ് എന്നിവരും സ്ഥാനാർത്ഥികളും പ്രതിനിധികളും പത്രികാസൂക്ഷ്മ പരിശോധനയിൽ പങ്കെടുത്തു. എട്ടിന് ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി.