ഇടുക്കി: തൊടുപുഴ നിയോജകമണ്ഡലത്തിലെ ആലക്കോട്- മീൻമുട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ കെ.എൽ.07-സി.എൽ-473 ഹോണ്ട കാറിൽ നിന്ന് രേഖകൾ ഇല്ലാതെ 15 ലക്ഷം രൂപ സ്റ്റാറ്റിക് സർവെയലൻസ് സ്‌ക്വാഡ് പിടിച്ചെടുത്ത് തൊടുപുഴ സബ് ട്രഷറിയിൽ ഏൽപ്പിച്ചു.

നിരീക്ഷണ സമിതികളുടെ രണ്ടാംഘട്ട പരിശീലനം കഴിഞ്ഞു

ഇടുക്കി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവേലൻസ് ടീം, വീഡിയോ സർവേലൻസ് ടീം അംഗങ്ങൾക്കുള്ള രണ്ടാംഘട്ട പരിശീലനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തി. പരിശീലന പരിപാടിയിൽ എക്സ്‌പെന്റിച്ചർ മോണിറ്ററിംഗ് നോഡൽ ഓഫീസർ അജി ഫ്രാൻസിസ് ക്ലാസ് നയിച്ചു. ജസീർ പി.വി, എം.ബി ഗോപാലകൃഷ്ണൻ നായർ, രേഷ്മ ബി എന്നിവർ സംസാരിച്ചു.

ജില്ലയിൽ 18054 പോസ്റ്ററുകളും 743 ബാനറുകളും നീക്കി

ഇടുക്കി: ആന്റീ ഡീഫേയ്സ്‌മെന്റ് ജില്ലാ സ്‌ക്വാഡ് പര്യടനം നടത്തി അനധികൃതമായ 483 പോസ്റ്ററുകളും 17 ബാനറുകളും നീക്കി. ഡെപ്യൂട്ടി തഹസീൽദാർ എബനേസറുടെ നേതൃത്വത്തിൽ കലക്ടറേറ്റിലെ ജീവനക്കാരായ മനുപ്രസാദ്, ഷാമോൻ, സുഭാഷ് ചന്ദ്രബോസ്, ഗിരീഷ് എന്നിവരാണ് സ്‌ക്വാഡിലുള്ളത്. ജില്ലയിൽ ഇതേവരെ അനധികൃതമായ 18054 പോസ്റ്ററുകളും 743 ബാനറുകളും വിവിധ സ്‌ക്വാഡുകൾ നീക്കം ചെയ്തു. പരുന്തുംപാറയ്ക്ക് സമീപം ഗ്രാമ്പി എസ്റ്റേറ്റിൽ റോഡിൽ വരച്ചിരുന്ന വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ചിത്രം പീരുമേട് അസംബ്ലി നിയോജകമണ്ഡല എം.സി.സി ആന്റ് ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡ് മായ്ച്ചു. ഒട്ടകത്തലമേട് വാട്ടർ അതോറിട്ടി കെട്ടിടത്തിന്റെ മുൻവശത്തെ മതിലിൽ പതിച്ചിരുന്ന പോസ്റ്റർ, ഹെൽത്ത് സെന്ററിന്റെ മതിലിൽ പതിച്ചിരുന്ന പോസ്റ്റർ, പീരുമേട് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് സ്ഥലത്ത് പതിച്ചിരുന്ന പോസ്റ്റർ എന്നിവ നീക്കം ചെയ്തു.