വണ്ടിപ്പെരിയാർ: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് 25 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുവയസുകാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 3.30നായിരുന്നു സംഭവം. മഞ്ചുമല പുതുക്കട് ലയൻസിൽ പാൽരാജ്- മുത്തുമാരി ദമ്പതികളുടെ മകൻ ലോഗേഷാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ കൃഷ്ണനെ (23) പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാട്ട് കേൾക്കുന്നതിനായാണ് കൃഷ്ണയോടൊപ്പം ലോഗേഷ് കാറിൽ കയറിയത്. മ്യൂസിക് സിസ്റ്റം ഓണാക്കുന്നതിനായി താക്കോൽ തിരിക്കുന്നതിനിടെയാണ് കാർ നിയന്ത്രണം വിട്ട് തേയിലകാട്ടിലേക്ക് മറിഞ്ഞത്. സമീപവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ ലോഗേഷ് മരിച്ചിരുന്നു. വണ്ടിപ്പെരിയാർ സർക്കാർ എൽ.പി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ലോഗേഷ്. വണ്ടിപ്പെരിയാർ സർക്കാർ എൽ.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ലോഗേഷും മാതാവ് മുത്തുമാരിയും മുത്തച്ഛനോടോപ്പം മഞ്ചുമല പുതുക്കാട്ടിലെ ലയത്തിലാണ് താമസം. സ്‌കൂൾ അവധിയായതോടെ പിതാവിനോടൊപ്പം ഊട്ടിയിലേക്ക് പോവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ലോഗേഷിനെ മരണം തട്ടിയെടുത്തത്. പാൽരാജ് തമിഴ്നാട്ടിലെ ഊട്ടി കപ്പദൂരെയിൽ ഡ്രൈവറാണ്. ദമ്പതികളുടെ വിവാഹം കഴിഞ്ഞ് എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോഗേഷിന്റെ ജനനം.