kodiyeri
രാജാക്കാട് നടന്ന എൽ.ഡി.എഫ് യോഗത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കുന്നു

രാജാക്കാട്: വർഗീയത വളർത്തി രാജ്യത്ത് അധികാരം പിടിച്ചെടുത്ത ബി.ജെ.പിയെ ഭരണത്തിൽ നിന്ന് അകറ്റി നിറുത്താൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അതിന് തയ്യാറാവുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോയിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാജാക്കാട്ടിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ തുടങ്ങി പല സംസ്ഥാനങ്ങളിലും വിജയ സാധ്യതയുള്ള രാഷ്ട്രീയ കക്ഷികൾക്കൊപ്പം ചേർന്ന് ബി.ജെ.പിയെ നിലംപരിശാക്കാൻ ശ്രമിയ്ക്കാതെ തനിയെ മത്സരിച്ച് ബി.ജെ.പിയ്ക്ക് ഗുണം ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമം. കേരളത്തിലേയ്ക്ക് രാഹുൽ ഗാന്ധി മത്സരിയ്ക്കാനെത്തുന്നത് ബി.ജെ.പി ഇല്ലാത്ത സ്ഥലം നോക്കിയാണ്. കേരളത്തിൽ തരംഗം ഉണ്ടാക്കുമെന്ന് പറയുന്ന കോൺഗ്രസുകാർ കഴിഞ്ഞ 15 വർഷമായി രാഹുൽ എം.പിയായിരിക്കുന്ന അമേഠിയിൽ എന്ത് തരംഗമാണ് ഉണ്ടാക്കിയതെന്ന് പരിശോധിയ്ക്കണം. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പരാജയപെടുത്തിയെന്ന ഖ്യാതി ഇനി വയനാടന് സ്വന്തമാകും. രാജ്യത്ത് ബി.ജെ.പിയെ വളരാൻ അനുവദിച്ച കോൺഗ്രസിന്റെ നിലപാടുകൾ ജനങ്ങൾക്ക് അറിയാം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളെയെല്ലാം കൂട്ട് പിടിച്ച് പൂർണമായും ബി.ജെ.പിയെ നിലംപരിശാക്കുന്നതിന് പകരം ബി.ജെ.പിയ്ക്ക് ജയ സാദ്ധ്യത ഒരുക്കുകയാണ്. കോൺഗ്രസിനെ പോലെ പണം കാണുമ്പോൾ ഇടത് എം.പിമാർ ബി.ജെ.പി പാളയത്തിലേയ്ക്ക് ചേക്കേറില്ലെന്നും ജനങ്ങളുടെ പക്ഷത്ത് എന്നുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ കെ.പി. അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, എം.കെ. ജോസഫ്, പി.എൻ. വിജയൻ, എം.എൻ. ഹരികുട്ടൻ, ശൈലജ സരേന്ദ്രൻ, സി.യു. ജോയി എന്നിവർ പ്രസംഗിച്ചു.