പീരുമേട്: സംസ്ഥാന സർക്കാറിന്റെ മികച്ച ക്ഷീരകർഷകനുള്ള ബഹുമതി ലഭിച്ച കർഷകന്റെ പശുക്കളെ മോഷ്ടിച്ചു കടത്തിയതായി പരാതി. ഏലപ്പാറ ബീജീസ് ഭവനിൽ ബിജുഗോപാലന്റെ ഫാമിലെ 12 പശുക്കളെയാണ് ഫാമിലെ തൊഴിലാളികൾ കടത്തികൊണ്ടുപോയത്. തമിഴ്നാട് തേനി അയ്യമ്പട്ടി സ്വദേശികളായ രണ്ടു പേരായിരുന്നു ബിജുവിന്റെ പശുക്കളെ പരിപാലിച്ചിരുന്നത്. സ്വന്തം ഫാമിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ പശുക്കളെ മറ്റൊരു ഫാമിലേക്ക് മാറ്റാൻ ജീവനക്കാരെ കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരുന്നു. നാലു കിലോമീറ്റർ അകലെയുള്ള ചെമ്മണ്ണിലേക്കാണ് പശുക്കളെ മാറ്റിയത്. ബുധനാഴ്ച രണ്ടു തവണയായി 13 പശുക്കളെ ചെമ്മണ്ണിൽ എത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയിൽ ഇവർ പശുക്കളെ കടത്തിയെന്നാണ് സംശയം. പശുക്കളെ ലോറിയിൽ കയറ്റുന്നതിനിടെ ഒരു പശുവിന് പരിക്കേറ്റിരുന്നു. ഈ പശുവിനെ ഫാമിൽ തന്നെ ഉപേക്ഷിച്ചിട്ടാണ് മറ്റുള്ളവയെ കടത്തിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ സൊസൈറ്റിയിൽ പാൽ എത്താതെ വന്നതിനെ തുടർന്നാണ് സംഭവം ഉടമ അറിയുന്നത്. ദിവസേന മുന്നൂറു ലിറ്റർ പാൽ ലഭിക്കുന്ന പശുക്കൾക്ക് എട്ടു ലക്ഷത്തോളം രൂപ വില വരും. പീരുമേട് പൊലീസ് അന്വേഷണം തുടങ്ങി.