water
ഇഞ്ചിക്കാട് കുരിശുമല പ്രദേശത്ത് കുടിവെള്ളം ലഭിക്കാത്തതിൽ പ്രതി ക്ഷേധിച്ച് കാലികുടവുമായി സമരത്തിന് എത്തിവർ.

വണ്ടിപ്പെരിയാർ: കുടിവെള്ളം കിട്ടാകനിയായതോടെ ഇഞ്ചിക്കാട് കുരിശുമല നിവാസികൾ കാലി കുടവുമായി പഞ്ചായത്ത് കാര്യാലയത്തിലെത്തി. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികൾ ഉപരോധ സമരവുമായി രംഗത്ത് ഇറങ്ങിയത്. ഇരുപതോളം കുടുംബങ്ങളാണ് പ്രതിഷേധ സൂചകമായി കാലികുടം കൈയിലേന്തി സമരത്തിന് എത്തിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യം ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും അറിയിച്ചെങ്കിലും ഫലം കാണാതെ വന്നതോടെയാണ് ശനിയാഴ്ച രാവിലെ പ്രദേശവാസികൾ സംഘടിച്ച് പഞ്ചായത്ത് കാര്യാലയത്തിലേക്ക് എത്തിയത്. കുരിശുമല പ്രദേശത്തേക്ക് പെരിയാർ നദിയിൽ നിന്ന് വെള്ളം എടുക്കുന്ന മോട്ടോർ കത്തി പോയതാണ് കുടിവെള്ളം വിതരണം തടസപ്പെടാൻ കാരണം. പെരിയാറ്റിൽ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് ഇഞ്ചിക്കാട് കുരിശുമലയുള്ള ടാങ്കിൽ സംഭരിച്ചായിരുന്നു പ്രദേശത്തെ കുടുംബങ്ങൾക്ക് കുടിവെള്ളം വിതരണം നടത്തിയിരുന്നത്. പഞ്ചായത്ത് ലക്ഷങ്ങൾ ചെലവഴിച്ചാണ് ആറ് വർഷം മുമ്പ് പദ്ധതി പൂർത്തികരിച്ചത്. കൂടി വെള്ള വിതരണത്തിന്റെ പൂർണ ചുമതല വിതരണ പ്രദേശത്തെ ഗുണഭോക്തക്കൾ തന്നെയാണ് നടത്തിയിരുന്നത്. കഴിഞ്ഞ വർഷം വെള്ളം എടുക്കുന്ന പ്രധാന മോട്ടോർ കത്തിപോയി. ഇതിന് പത്ത് ലക്ഷം രുപ വിലവരുമെന്ന് നാട്ടുകാർ പറയുന്നത്. ഇത് വാങ്ങി നൽകുന്നതിന് കഴിഞ്ഞ വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും നടപ്പിലായില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ നൂറ് കണക്കിന് കുടുംബംഗങ്ങൾ കിലോമീറ്റർ ദുരം മല കയറി വേണം വെള്ളം കൊണ്ടുവരുവാൻ. സ്ത്രീകൾ ഉൾപ്പെടെ നിരവധിയാളുകൾ കാലികുടവുമായി പഞ്ചായത്ത് കാര്യാലയത്തിനടുത്ത് എത്തിയെങ്കിലും പ്രവേശന കവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഓഫീസ് പടിക്കൽ പ്രതിഷേധ പരിപാടികൾ നടത്തി പരിഞ്ഞു.
മോട്ടോർ ഉടൻ സ്ഥാപിച്ച് കുടിവെള്ളം വിതരണം പുനഃസ്ഥാപിക്കുമെന്ന് സെക്രട്ടറി സമരക്കാർക്ക് ഉറപ്പു നൽകിയതായി സമരക്കാർ പറഞ്ഞു.