കുടയത്തൂർ: ഡോ. കലാം യൂത്ത് ഫോറം മൂന്നാർ ഫുട്‌ബാൾ അക്കാദമി മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമി ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ 14 വരെ നടത്തുന്ന സമ്മർ ഫുട്‌ബോൾ പരിശീലനക്യാമ്പിന്റെയും അഖിലകേരള നയൺസ് ഫുട്‌ബോൾ ടൂർണമെന്റിന്റെയും ഉദ്ഘാടനം ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ.എം. വിജയൻ ഇന്ന് അറക്കുളം സെന്റ് ജോസഫ് കോളേജ് ഗ്രൗണ്ടിൽ നിർവഹിക്കും. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടോമി ജോസഫ് കുന്നേൽ അദ്ധ്യക്ഷത വഹിക്കും. കേരള സ്‌പോർട്സ് കൗൺസിൽ മെമ്പർ കെ.എൽജോസഫ് മുഖ്യപ്രഭാഷണം നടത്തും. മൂന്നാർ ഫുട്‌ബോൾ അക്കാദമി ചെയർമാൻ എൽദോ വട്ടക്കാവൻ ആമുഖപ്രസംഗവും മൂലമറ്റം സെന്റ് ജോസഫ്സ് അക്കാദമി ഡയറക്ടർ റവഡോ. ജോസ് നെടുമ്പാറ അനുഗ്രഹപ്രഭാഷണവും നടത്തും. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരൻ, ഫിഫ സ്‌പോർട്സ് ഗാലറി ചെയർമാൻ പി.പി. ഷെമീർ എന്നിവർ പങ്കെടുക്കും.