ഇടുക്കി: തൊഴിലില്ലായ്മയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി എൻ.ഡി.എ ഇടുക്കി ലോക്സഭാ മണ്ഡല പര്യടനം മൂന്നാം ഘട്ടത്തിലേക്ക്. മൂവാറ്റുപുഴ നിയോജകമണ്ഡല പര്യടനം ഇന്നലെ രാവിലെ പോത്താനിക്കാട് പഞ്ചായത്തിലെ പറമ്പൻ ചേരിൽ നിന്ന് ആരംഭിച്ചു. എൻ.ഡി.എ നിയോജകമണ്ഡലം ചെയർമാൻ കെ.എസ്. വിജു മോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണയോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.പി. സജീവ് ഉദ്ഘാടനം ചെയ്തു. ഇന്ന് കേരളം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവവുമാണെന്ന് എൻ.ഡി.എ സ്ഥാനാർഥി ബിജു കൃഷ്ണൻ പറഞ്ഞു. അന്യസംസ്ഥാനങ്ങളിൽ പോയി പഠനം പൂർത്തീകരിച്ച് കേരളത്തിലേക്ക് തിരികെ എത്തിയാലും അവർക്ക് ജോലി എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. വിദ്യാഭ്യാസ വായ്പയുടെ ബാധ്യതകളും പേറി തുച്ഛമായ വേതനത്തിൽ ജോലിചെയ്യുന്ന യുവജനങ്ങളും കുറവല്ല. കേന്ദ്ര സർക്കാരിന്റെ സ്‌കിൽ ഇന്ത്യ പോലുള്ള പദ്ധതികൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ ഒരുപരിധിവരെ തൊഴിലില്ലായ്മയ്ക്ക് പരിഹാരം ഉണ്ടാകുമായിരുന്നു. ഐ.ഐ.ടിയും ഐ.ഐ.എമ്മും പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ജില്ലയിൽ ഇല്ല. ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തിയിട്ടുള്ള എം.പിമാർ ഒന്നും അതിനവേണ്ടി യാതൊരു പരിശ്രമവും നടത്തിയിട്ടുമില്ല. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാകണമെങ്കിൽ ഇതുവരെ തുടർന്നപോന്ന ചിന്താഗതിയിൽ നിന്ന് ജനങ്ങൾ മാറി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ മാത്യു, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. വിത്സൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി റെജി കപ്യാരിട്ടേൽ, ബി.ജെ.വൈ.എം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി എം.എ. വാസു, കെ.പി. തങ്കക്കുട്ടൻ, ഷാബു വി.സി, എസ്. സന്തോഷ്, ജിതിൻ രവി, ടി. ചന്ദ്രൻ, പി.ആർ. വിജയകുമാർ, രമേശ് കാവന, കെ. പങ്കജാക്ഷൻ നായർ, കെ.കെ. ദിലീപ് കുമാർ, ഷൈൻ. കെ. കൃഷ്ണൻ എന്നിവർ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
ഇന്നും മൂവാറ്റുപുഴയിൽ
ഇന്ന് ആയവന പഞ്ചായത്തിലെ തോട്ടം ചേരിയിൽ നിന്ന് പര്യടനം ആരംഭിച്ച് മുളവൂർ പായിപ്ര വാളകം, മാറാടി, ആരക്കുഴ, പാലക്കുഴ എന്നിവിടങ്ങളിലൂടെ സെൻട്രൽ പാലക്കുഴയിൽ എത്തി സമാപിക്കും.