അടിമാലി: മാങ്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ഭദ്രകാളി വനദുർഗ ദേവീക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് സമാപിക്കും. ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ ഭക്തിനിർഭരമായ പൊങ്കാല നടന്നു. ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ ശാന്തി പൊങ്കാല അടുപ്പിൽ ഭദ്രദീപം പകർന്നു. ഉദ്ദിഷ്ട കാര്യസിദ്ധിക്കായി നൂറുകണക്കിന് വിശ്വാസികൾ ദേവിക്ക് പൊങ്കാല അർപ്പിച്ചു. പൊങ്കാല മഹോത്സവത്തിന് വിശ്വാസി സമൂഹത്തിന്റെ വലിയ പിന്തുണ ലഭിച്ചു വരുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഈ മാസം ഒന്നിന് ബ്രഹ്മശ്രീ ശിവഗിരി മഠം സുഗതൻ തന്ത്രികൾ തൃക്കൊടിയേറ്റിയതോടെയായിരുന്നു ഏഴ് ദിവസം നീണ്ടു നിൽക്കുന്ന തിരുവുത്സവത്തിന് തുടക്കം കുറിച്ചത്. ആറാം ദിവസമായ ഇന്നലെ വൈകിട്ട് വിശേഷാൽ പൂജകൾക്ക് പുറമെ പള്ളി വേട്ട നടന്നു. ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് വൈകിട്ട് 4.30ന് വർണ്ണാഭമായ താലപ്പൊലി, കാവടി, കുംഭകുട ഘോഷയാത്ര നടക്കും. രാത്രി ഏഴിന് വടക്കുപുറത്ത് വലിയ ഗുരുതിയോടെ മഹോത്സവത്തിന് സമാപനമാകും. ആഘോഷങ്ങളുടെ ഭാഗമായി രാത്രി 9.30ന് ബാലെയുണ്ടാകും.