മുട്ടം: മലങ്കര ഡാമിൽ വെള്ളത്തിന്റെ അളവ് 41.98 മീറ്ററായി ഉയർന്നതിനെ തുടർന്ന് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. മൂന്നാമത്തെയും നാലാമത്തെയും ഷട്ടർ 15 സെ. മീറ്റർ ഉയർത്തിയാണ് തൊടുപുഴയാറ്റിലേക്ക് വെള്ളം ഒഴുക്കി വിടുന്നത്. കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം ഉയർന്നതിനെ തുടർന്ന് മൂലമറ്റം പവർ ഹൗസിൽ നിന്നുള്ള ഉത്പാദനം പരമാവധിയിലെത്തി. തുടർന്ന് മൂലമറ്റം പവർ ഹൗസിൽ നിന്ന് പുറംതള്ളുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കൂടിയതിനാലാണ് ഡാമിൽ ജലനിരപ്പ് ഉയർന്നത്. മലങ്കരയിൽ പരമാവധി സംഭരണ ശേഷി 42 മീറ്ററാണ്. കടുത്ത വേനലിൽ ഏതാനും മാസങ്ങളായി ഡാമിന്റെ ഇടത് കനാലിലൂടെയും വലത് കനാലിലൂടെയും വെള്ളം ഒഴുക്കി വിടുന്നുണ്ട്. എന്നാൽലും ഇടവെട്ടി ഭാഗത്തേക്കുള്ള കനാൽ റോഡ് ഇടിഞ്ഞ് താഴ്ന്നതിനെ തുടർന്നുള്ള അറ്റകുറ്റപണികൾക്കായി വളരെക്കുറച്ച് വെള്ളമാണ് തുറന്നു വിടുന്നത്. ഇതും ഡാമിലെ ജലനിരപ്പ് ഉയരുന്നതിന് കാരണമായി. കഴിഞ്ഞ 27ന് ഒരു ഷട്ടർ 30 സെ.മീറ്റർ തുറന്ന് വിട്ടിരുന്നു.