ഇടുക്കി: കർഷക ജനത എൽ.ഡി.എഫ്സ്ഥാനാർത്ഥി ജോയ്സ് ജോർജിന് വൻസ്വീകരണം ഒരുക്കി. ശരാശരി ഒരു സ്വീകരണകേന്ദ്രത്തിൽ 300 പേർ മുതൽ 1000 പേർ വരെ പങ്കെടുത്തു. ഉടുമ്പഞ്ചോല മണ്ഡലത്തിന്റെ കാർഷികമേഖലയിലായിരുന്നു പര്യടനം. യു.ഡി.എഫിന് നൽകുന്ന ഓരോ വോട്ടും കപട പരിസ്ഥിതി സംഘടനകൾക്കുള്ളതാണെന്നും നാടിനെ ഒറ്റുകൊടുക്കാൻ വോട്ട് നൽകുന്നത് അപകടകരമാണെന്നും ജോയ്സ് സ്വീകരണകേന്ദ്രങ്ങളിൽ പറഞ്ഞു. ഇടുക്കിയിൽ നിന്ന് തങ്ങൾക്ക് അനുകൂലമായവരെ പാർലമെന്റിൽ എത്തിക്കാൻ കഴിയുമോ എന്ന പരീക്ഷണമാണ് പരിസ്ഥിതി സംഘടനകൾ ഏറ്റെടുത്തിട്ടുള്ളതെന്നും ജനങ്ങൾ ഇതിനെ ചെറുത്ത്‌തോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മുതൽ നടന്ന സ്വീകരണകേന്ദ്രങ്ങൾ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. രണ്ടായിരത്തോളം പേർ പങ്കെടുത്ത തൂക്കുപാലത്തെ റോഡ്‌ഷോ ആവേശകൊടുമുടിയിലേക്കുയർന്നു. തുടർന്ന് നടന്ന ബൈക്ക് റാലിയിൽ മുന്നൂറിലധികം യുവാക്കളാണ് പങ്കെടുത്തത്. രാവിലെ ഏഴിന് ശാസ്തനടയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് കടശിക്കടവിൽ നിന്നാരംഭിച്ച് വണ്ടൻമേട്, കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം പഞ്ചായത്തുകളിൽ പര്യടനം നടത്തി തൂക്കുപാലത്ത് സമാപിച്ചു.
കസ്തൂരിരംഗൻ അന്തിമവിജ്ഞാപനത്തിന് ജോയ്സ് ഡൽഹിയിൽ വേണം: എം.എം. മണി
ചെറുതോണി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം ഇറങ്ങാൻ എൽ.ഡി.എഫ് എം.പിയായി അഡ്വ. ജോയ്സ് ജോർജ് ഡൽഹിയിൽ ഉണ്ടാകണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. മുരിക്കാശേരിയിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് എം.പി ഉണ്ടായിരുന്നെങ്കിൽ ബി.ജെ.പി സർക്കാർ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുമായിരുന്നു. പി.ടിതോമസും അനുയായികളും ഇപ്പോഴുംഅതിനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജോയിസ് ജോർജ് ഇന്ന് പീരുമേട്ടിൽ
ജോയ്സ് ഇന്ന് പീരുമേട് പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ ഏഴിന് മേരികുളത്താണ് തുടക്കം. തുടർന്ന് അയ്യപ്പൻകോവിൽ, ഏലപ്പാറ, പീരുമേട്, കുമളി പഞ്ചായത്തുകളിൽ പര്യടനം നടത്തും.