ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിൽ നിന്നും ജെ.എൽ.ജി പ്രകാരം ബാങ്കുകളിൽ നിന്നും വായ്പ എടുത്തതുമായി ബന്ധപ്പെട്ട് സി.ഡി.എസ് ചെയർപേഴ്സൻ പൊന്നമ്മ കുട്ടപ്പൻ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായിപഞ്ചായത്ത് ഭരണ സമിതി കുടുംബശ്രീ സ്റ്റേറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി. ഒരുവർഷത്തിനുള്ളിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ചെയർപേഴ്സൺ നടത്തിയിട്ടുള്ളത്. ലഭ്യമായ കണക്കനുസരിച്ച് 66 പേരുടെ പേരിൽ വായ്പയെടുത്തിട്ടുണ്ട്. കൃത്രിമമായി പ്രോജക്ട് റിപ്പോർട്ടുണ്ടാക്കി അംഗങ്ങളെക്കൊണ്ട് ഒപ്പിടുവിച്ച് ബാങ്കിൽ നിന്ന് പണം വാങ്ങുകയായിരുന്നു. എന്നാൽ അംഗങ്ങൾക്ക് പണം നൽകാതെ ചെയർപേഴ്സൺ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയായിരുന്നു. ലോൺ കുടിശികയായതിനെ തുടർന്ന് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി കുടുംബശ്രീ അംഗങ്ങൾക്ക് മനസിലായത്. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് കോടതിയിൽ എഫ്.ഐ.ആർ നൽകിയിട്ടുണ്ട്. ഇതിനിടെ പലരുടെയും കേസുകൾ പണം നൽകാമെന്ന് വ്യവസ്ഥയിൽ ഒത്തുതീർപ്പാക്കുകയും ചെയ്തിട്ടുണ്ട്. വ്യാപക പരാതിയുയർന്നതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതി ചെയർപേഴ്സണോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും മറുപടി നൽകാൻ തയ്യാറായില്ല. ആശ്രയ പദ്ധതിയിൽ വീട് നിർമിച്ച് നൽകിയതിലും വ്യാപകമായ പരാതിയുണ്ട്. ഗുണഭോക്താക്കളുടെ പേരിലത്തുന്ന പണം നിർമാണം പൂർത്തിയാക്കാതെ ഭീഷണിപ്പെടുത്തി വാങ്ങുന്നതായും പരാതിയുണ്ട്. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണ സമിതിയ്‌ക്കെതിരെയും ആരോപണമുയർന്നതിനെ തുടർന്ന് അടിയന്തിര കമ്മറ്റി വിളിച്ചു ചേർത്താണ് ചെയർപേഴ്സണെതിരെ പരാതി നൽകാൻ ഏകകണ്ഠമായി തീരുമാനിച്ചത്.