thodu1

തൊടുപുഴ: പത്ത് ദിവസം മുമ്പാണ് തൊടുപുഴയ്ക്കടുത്ത് കുമാരമംഗലത്ത് മനുഷ്യമനസാക്ഷിയെ മരവിപ്പിച്ച കൊടുംക്രൂരത അരങ്ങേറിയത്. കഴിഞ്ഞ മാസം 28ന് രാത്രി ഒന്നരയോടെ പ്രതി അരുണും യുവതിയും കൂടി കുട്ടികളെ വീട്ടിൽ തനിച്ചാക്കി തൊടുപുഴ നഗരത്തിൽ ഭക്ഷണം കഴിക്കാനായി പോയിരുന്നു. പുലർച്ചെ മൂന്നരയോടെ വീട്ടിൽ മടങ്ങിയെത്തി. ഭക്ഷണം കഴിക്കാതെ ഉറങ്ങിയതിനാൽ കുട്ടികളെ വിളിച്ചെഴുന്നേൽപ്പിച്ചു. ആദ്യം എഴുന്നേറ്റ് വന്ന നാലുവയസുകാരനായ ഇളയകുട്ടി ഉറക്കത്തിൽ മൂത്രമൊഴിച്ചതായി കണ്ടത് അരുണിനെ കുപിതനാക്കി. ഈ ദേഷ്യത്തിൽ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഏഴുവയസുകാരനായ മൂത്ത കുട്ടിയെ അനുജനെ മൂത്രമൊഴിപ്പിക്കാഞ്ഞതിന് ശകാരിച്ചു. തുടർന്ന് കട്ടിലിൽ കിടന്ന് കൊണ്ട് ശക്തിയായി തൊഴിച്ചു തെറിപ്പിച്ചു. പിടഞ്ഞെണീറ്റ കുട്ടിയെ ഒരു കൈകൊണ്ട് തോണ്ടിയെടുത്ത് വലിച്ചെറിഞ്ഞു. അലമാരയും മറ്റ് ഗൃഹോപകരണങ്ങളും വച്ചിരുന്ന മൂലയിലേക്കാണ് കുട്ടി വീണത്. കോൺക്രീറ്റ് ഷെൽഫിന്റെ വക്കിലിടിച്ച് തലയോട്ടിയുടെ പിൻഭാഗം ചന്ദ്രക്കലയുടെ ആകൃതിയിൽ പൊട്ടിപ്പിളർന്ന് രക്തംചീറ്റി. എന്നിട്ടും കലിയടങ്ങാതെ മുറിക്കുള്ളിലൂടെ വലിച്ചിഴച്ച് വീണ്ടും മർദ്ദിച്ചു. തടസം പിടിക്കാനെത്തിയ മാതാവിന്റെ കരണത്തും ഇളയകുട്ടിയുടെ മുഖത്തും പ്രഹരിച്ചു. ബോധം നഷ്ടപ്പെട്ട മൂത്തകുട്ടി നിലത്തുകിടന്ന് പിടഞ്ഞപ്പോൾ അയ്യോ...അച്ഛാ കൊല്ലല്ലേ.... എന്ന് നിലവിളിച്ചുകൊണ്ട് മൂന്നര വയസുകാരൻ കാലുപിടിച്ചു കരഞ്ഞിട്ടും അരുണിന്റെ കലി അടങ്ങിയിരുന്നില്ല. കുട്ടിയുടെ ബോധം നഷ്ടപ്പെടും വരെ മർദനം തുടർന്നു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് യുവതി വാശിപിടിച്ചതിനെ തുടർന്നാണ് സമ്മതിച്ചത്. ഇതിന് മുമ്പായി മർദനത്തെ തുടർന്ന് കുട്ടിയുടെ രക്തം മുറിയ്ക്കുള്ളിൽ പലയിടത്തും വീണിരുന്നു. ഇതെല്ലാം കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇവർ രണ്ടുപേരും ചേർന്ന് സ്വന്തം കാറിൽ പരിക്കേറ്റ കുട്ടിയുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. ഈ സമയമെല്ലാം ഇളയ കുട്ടിയെ മുറിക്കുള്ളിൽ തനിയെ അടച്ചിട്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ ഇരുവരും നൽകിയ വിവരത്തിൽ വൈരുദ്ധ്യമുണ്ടായിരുന്നു. കട്ടിലിൽ നിന്ന് വീണതാണെന്ന് യുവതിയും മുറ്റത്ത് കളിച്ചപ്പോൾ വീണതാണെന്ന് അരുണും ഡോക്ടറോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. കുട്ടിയുടെ അച്ഛനും അമ്മയുമാണെന്നാണ് ആശുപത്രിയിൽ പറഞ്ഞതെങ്കിലും അരുണിന്റെ പെരുമാറ്റത്തിലെ അസ്വഭാവികത ആശുപത്രി ജീവനക്കാരും സ്ഥലത്ത് എത്തിയ പൊലീസുദ്യോഗസ്ഥരും ശ്രദ്ധിച്ചിരുന്നു. കുട്ടിയുടെ പേരെന്താണെന്ന് ചോദിച്ച പൊലീസുകാരോട് ഓർമയില്ലെന്നായിരുന്നു അരുണിന്റെ ആദ്യത്തെ മറുപടി. അപ്പുവെന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും ശരിക്കുള്ള പേര് എന്താണെന്ന് ചോദിച്ചിട്ട് പറയാം എന്നുമായിരുന്നു അരുൺ പൊലീസിനോട് പറഞ്ഞു. ആശുപത്രിയിൽ കയറാതെ കാറിൽ സിഗരറ്റ് വലിച്ചിരിക്കുകയായിരുന്നു അരുണെന്ന് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും പൊലീസിനോട് പറഞ്ഞു. ഇയാൾ നന്നായി മദ്യപിച്ചിട്ടുണ്ടെന്നതും ശ്രദ്ധയിൽപ്പെട്ടു. ഇതിനിടെ കുട്ടിയുടെ നില അതീവ ഗുരുതരമായതിനാൽ ഉടനെ കോലഞ്ചേരിയിലെ ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർമാർ നിർദേശിച്ചു. അടിയന്തര ശ്രുശൂഷ നൽകിയ കുട്ടിയുമായി അമ്മ വേഗം ആംബുലൻസിൽ കയറി. എന്നാൽ താൻ ആംബുലൻസിൽ വരുന്നില്ലെന്നും കാറിൽ പിന്നിൽ വരാമെന്നും അരുൺ പറഞ്ഞു. അരുൺ ആംബുലൻസിൽ കൂടെ ചെല്ലണമെന്ന് പൊലീസ് നിർബന്ധം പിടിച്ചു. ഇതോടെ അരുണും പൊലീസുകാരും തമ്മിൽ വാക്കേറ്റമായി. വാക്കേറ്റം നീണ്ടതോടെ പൊലീസുകാരിലൊരാൾ അരുണിന്റെ കാറിന്റെ താക്കോൽ ഊരിയെടുത്തു. ഇതോടെ ഗത്യന്തരമില്ലാതെ അരുൺ ആംബുലൻസിൽ മുൻസീറ്റിൽ കയറി. ഇതോടെ പൊലീസ് അരുണിന്റെ മേൽ നിരീക്ഷണം ശക്തമാക്കി. അടുത്ത ദിവസങ്ങളിൽ കുട്ടി കടുത്ത മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നു. അമ്മയെയും സഹോദരനേയും ചോദ്യം ചെയ്തതിൽ നിന്ന് മർദ്ദന കഥകൾ പുറത്തുവന്നു. തുടർന്ന് പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.