തൊടുപുഴ: മനുഷ്യനായി ജനിച്ച ആരുടെയും നെഞ്ച് പിടയുന്ന ആ മരണ വാർത്ത കേട്ടിട്ടും അരുൺ ആനന്ദെന്ന നരാധമന് ഒരു കുലുക്കവുമില്ലായിരുന്നു. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം അരുൺ ആനന്ദിനെ മുട്ടം കോടതിയിൽ ഹാജരാക്കിയ സമയത്താണ് ഏഴുവയസുകാരന്റെ മരണവാർത്ത പുറത്തുവരുന്നത്.
തൊടുപുഴ സി.ഐ അഭിലാഷ് ഡേവിഡാണ് അരുണിനോട് താൻ പിച്ചിചീന്തിയ കുരുന്ന് എന്നന്നേക്കുമായി ഇല്ലാതായെന്ന വിവരം അറിയിച്ചത്. അരുൺ ഒരക്ഷരം മിണ്ടിയില്ലെന്ന് മാത്രമല്ല, കേട്ടഭാവം പോലും നടിച്ചില്ല. കുറ്റബോധത്തിന്റെ ചെറുകണിക പോലുമില്ലെന്ന് മുഖഭാവത്തിൽ നിന്ന് വ്യക്തം.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം മുട്ടം ജയിലിലേക്ക് കൊണ്ടുപോയി. ഏഴുവയസുകാരന്റെ മരണത്തോടെ അരുണിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തും. ഇയാൾ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കാറുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ പൊലീസ് പോക്സോ ചുമത്തിയിരുന്നു. കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന തിരുവനന്തപുരം നന്ദൻക്കോട് സ്വദേശിയായ അരുണിന് ഇതും മറ്റൊരു കേസ് മാത്രമാണ്. 2008ൽ ബിയർ കുപ്പി ഉപയോഗിച്ച് സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ പ്രതിയായിരുന്നു ഇയാൾ. ഈ കേസിൽ 35 ദിവസത്തോളം സെൻട്രൽ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. കൂടാതെ 2007ൽ ഒരാളെ മർദ്ദിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്. സ്ഥിരമായി കൈയിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഇയാൾ മദ്യവും ലഹരിപദാർത്ഥങ്ങളും സ്ഥിരമായി ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.