രാജാക്കാട്: പൂപ്പാറയിൽ സർക്കാർ ഭൂമിയിലെ കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. പൂപ്പാറ വില്ലേജിൽ സർവേ നമ്പർ 23/1 ൽ പെട്ട ഒരേക്കർ സ്ഥലമാണ് ഭൂകർമ്മ സേനയുടെ സഹായത്തോടെ തിരിച്ചുപിടിച്ചത്. സ്വകാര്യ വ്യക്തി കൈയേറി കൃഷിയിറക്കിയിരുന്ന സ്ഥലം 2016ൽ റവന്യൂ വകുപ്പ് ഒഴിപ്പിച്ച് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഇയാൾ കൈയേറി കൃഷി ഇറക്കുകയായിരുന്നു. നികുതി വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് സ്ഥലം സ്വകാര്യ വ്യക്തി കയ്യടക്കി വച്ചിരിക്കുന്നതായി അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഉടുമ്പൻചോല തഹസിൽദാരിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൂപ്പാറ വില്ലേജ് ഓഫീസർ സുനിൽ കുമാർ, ഭൂകർമ്മ സേനയിലെ മോഹൻ ദാസ്, ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് കൈയ്യേറ്റം ഒഴിപ്പിച്ച് ഭൂമി തിരിച്ച് പിടിച്ചത്.