തൊടുപുഴ: അമിക്കസ്‌ക്യൂറി നിലപാടിനെ ചോദ്യം ചെയ്യുന്ന മുഖ്യമന്ത്രി ജനാധിപത്യ സംവിധാനത്തെയാണ് ചോദ്യം ചെയ്യുന്നതെന്ന് പി.ടി. തോമസ് എം.എൽ.എ പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ്ബിന്റെ നേതാവ്- നിലപാട് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ എത്രമാത്രം ലാഘവത്തോടെയാണ് മുഖ്യമന്ത്രി അഭിപ്രായം പറയുന്നത്. പ്രളയമുന്നറിയിപ്പ് വിദഗ്ദ്ധർ നൽകിയിട്ടും അതിനെ അവഗണിക്കുകയും മുൻകരുതൽ ഇല്ലാതെ ഡാമുകൾ തുറന്ന് വിടുകയും ചെയ്തത് ഒരിക്കലും ന്യായീകരിക്കാനാവില്ല. എൻ. കെ. പ്രേമചന്ദ്രൻ എം.പി.ക്കെതിരെ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള പ്രഖ്യാപനം സംസ്ഥാനത്തിന് തന്നെ അപമാനമായിരിക്കുകയാണ്. സംസ്ഥാന സർക്കാർ ആയിരം ദിനങ്ങൾ പിന്നിട്ടപ്പോഴേക്കും ആയിരം തെറ്റുകൾ സംഭവിച്ചിരിക്കുകയാണ്. രണ്ടായിരം ദിനങ്ങൾ പിന്നിടുമ്പോൾ രണ്ടായിരം വലിയ തെറ്റുകൾ ഉണ്ടാകുന്ന അവസ്ഥയാണിപ്പോൾ. ഇടുക്കിയിലെ വ്യാജപ്രചരണങ്ങൾക്കുള്ള മറുപടി വോട്ടെടുപ്പിൽ പ്രതിഫലിക്കും. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മേൽക്കൈ നേടും. രാജ്യത്ത് നൂറ്റാണ്ടുകളായി വളർന്നുവരുന്ന ജനാധിപത്യ മതേതരത്വ സംവിധാനങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ ഭരണത്തിൽ ഉള്ളവരുടെ സഹായത്തോടെ നടക്കുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അധികാരവും ശക്തിയും ഉപയോഗിച്ച് എന്ത് കഴിക്കണമെന്നുവരെ നിർദ്ദേശിക്കുന്ന നിലപാടുകളെ മുളയിലെ നുള്ളികളയുവാൻ ദേശീയതലത്തിൽ അഭിപ്രായം ഉയരണം. ദേശതാത്പര്യം മുന്നിൽകണ്ട് വോട്ടവകാശം വിനിയോഗിക്കണം. സത്യസന്ധതയോടെ ജനങ്ങളെ സമീപിക്കാനും സത്യസന്ധത കാണിക്കാനും ഭരണാധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ സ്വാഗതവും സെക്രട്ടറി എം.എൻ. സുരേഷ് നന്ദിയും പറഞ്ഞു.