തൊടുപുഴ: ഇനി അവനെ ആരും തല്ലില്ല,​ ഒരു വേദനയും ഇനി അനുഭവിക്കേണ്ടിയും വരില്ല. എല്ലാമെല്ലാമായ അച്ഛനടുത്തേക്ക് അവൻ പോയി. വൻജനാവലിയെ സാക്ഷിയാക്കി അവൻ വേദനയും പീഡനവുമില്ലാതെ ലോകത്തേക്ക് യാത്രയായപ്പോൾ ഹൃദയമുള്ളവരെല്ലാം അവനായി ഒരിറ്റ് കണ്ണീർ പൊഴിച്ചു. അമ്മയുടെ ആൺസുഹൃത്തിന്റെ കൊടിയ പീഡനങ്ങളേറ്റ് വാങ്ങി 10 ദിവസത്തോളം വെന്റിലേറ്ററിൽ കിടന്ന് മരണത്തോട് പോരാടിയാണ് ആ ഏഴു വയസുകാരൻ കീഴടങ്ങിയത്. ഇനി അവന് അമ്മയുടെ വീട്ടിനടുത്ത പറമ്പിൽ അന്ത്യവിശ്രമം. ഇന്നലെ രാവിലെ 11.35ന് ഭൂമിയോടെയാണ് കുരുന്ന് ഈ നശിച്ച ലോകത്തോട് വിട പറഞ്ഞത്. വൈകിട്ട് ഇൻക്വസ്റ്റ് നടപടികൾ കോലഞ്ചേരിയിൽ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. ഇവിടെ നിന്ന് പൊലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടവും പൂർത്തിയാക്കി രാത്രി ഒമ്പതോടെയാണ് മൃതദേഹം ഉടുമ്പന്നൂരിൽ യുവതിയുടെ തറവാട് വീട്ടിലെത്തിച്ചത്. തുടർന്ന് ചടങ്ങുകൾക്ക് ശേഷം വീടിനോട് ചേർന്ന് മൃതദേഹം അടക്കം ചെയ്തു. കുട്ടിയുടെ അമ്മയും വല്യമ്മയും ആശുപത്രിയിൽ നിന്ന് നേരത്തെ വീട്ടിലെത്തിയിരുന്നു. കുട്ടിയുടെ പിതാവിന്റെ അച്ഛനും അമ്മയും കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹത്തെ അനുഗമിച്ചാണ് എത്തിയത്. മൃതദേഹം എത്തിക്കുന്നതറിഞ്ഞ് മണിക്കൂറുകൾക്ക് മുമ്പ് തന്നെ നൂറുകണക്കിനാളുകൾ തടിച്ച് കൂടിയിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി ജോസ് പറഞ്ഞു. ദേഹത്തുടനീളം മർദ്ദനമേറ്റത്തിന്റെ കരിനീല പാടുകൾ ഉണ്ടായിരുന്നെന്നും തലയിൽ രക്തം കട്ടപിടിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.