joice
ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് ഏലപ്പാറയിൽ നൽകിയ സ്വീകരണം

പീരുമേട്: എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ നാലാംഘട്ട പര്യടനം ഇന്നലെ പീരുമേട് മണ്ഡലത്തിൽ പൂർത്തിയാക്കി. ഓരോകേന്ദ്രത്തിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയജനക്കൂട്ടം സ്ഥാനാർത്ഥിയെ കാത്തുനിന്നു. രണ്ട് മണിക്കൂർ വരെ വൈകിയെത്തുമ്പോഴും ചുട്ടുപൊള്ളുന്ന മീനച്ചൂടിനെ അവഗണിച്ച് സുഗന്ധം പരത്തുന്ന റോസാപ്പൂക്കളുമായാണ് ജനങ്ങൾ കാത്തുനിന്നത്. യുവജന വിദ്യാർത്ഥി സംഘടനകൾ സംഘടിപ്പിച്ച ഇരുചക്രവാഹന റാലിയോടെയാണ് പര്യടനവാഹനങ്ങൾ സ്വീകരണ കേന്ദ്രങ്ങളിലൂടെ കടന്നുപോയത്. പാതയോരങ്ങളിൽ കാത്തുനിന്നവർക്ക് തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർത്ഥിയെ കൈവീശി ആശിർവദിച്ചു. തിരികെ കൈവീശിയും കൈകൂപ്പിയും പ്രത്യഭിവാദ്യങ്ങളുമായാണ് പര്യടനം കടന്നുപോയത്. സ്വദേശി ദർശൻ ടൂറിസം പദ്ധതിയിൽ നിർമ്മിച്ച വാഗമൺ ടൂറിസം പദ്ധതിയും പീരുമേട് എക്കോലോഗും ഉൾപ്പെടുന്ന പ്രദേശങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമ്മാണം പൂർത്തിയാക്കിയ പൂവന്തിക്കുടിയിൽ സ്ഥാനാർത്ഥിക്ക് സ്നേഹോഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. പ്ലാസ്റ്റിക് മാലകൾക്ക് പകരം കർണികാരവും പഴവർഗങ്ങളും പച്ചക്കറിയും ശീതളപാനീയങ്ങളുമൊക്കെയായായിരുന്നു വോട്ടർമാരുടെ സ്നേഹസമ്മാനങ്ങൾ.
രാവിലെ 7 ന് മേരികുളത്തുനിന്ന് ആരംഭിച്ച് അയ്യപ്പൻകോവിൽ, ഏലപ്പാറ, പീരുമേട്, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലൂടെ മ്ലാമലയിൽ സമാപിച്ചു.

മ്ലാമലയിലെ നാട്ടുകാരാണ് ജോയ്സ് ജോർജിന് നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടിവെയ്ക്കാൻ പണം നൽകിയത്. കുന്നിൻ മുകളിലുള്ള ഗ്ലെൻമേരി പ്രദേശത്തേക്ക് 5 കോടി രൂപ ചെലവിൽ റോഡ് നിർമ്മിച്ചതിനുള്ള പ്രത്യുപകാരമായിരുന്നു അത്. വൻജനാവലിയാണ് ഇവിടെ ജോയ്സ് ജോർജിനെ സ്വീകരിക്കാനെത്തിയത്. എൽഡിഎഫ് നേതാക്കളായ പി.എസ്. രാജൻ, കെ.എസ്. മോഹനൻ, ആർ. തിലകൻ, ജോസ് ഫിലിപ്, ആന്റണി ആലഞ്ചേരി, ഇ.എസ്. ബിജിമോൾ, ജോണി ചെരിവുപറമ്പിൽ, ജി. വിജയാനന്ദ്, ശാന്തി ഹരിദാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ജോയ്സ് ജോർജ് ഇന്ന് വീണ്ടും കോതമംഗലത്ത്, നാളെ ഇടുക്കിയിൽ

ചെറുതോണി: എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് ഇന്ന് കോതമംഗലം മണ്ഡലത്തിൽ പര്യടനം നടത്തും. മലയോര ഹൈവേയുട സമര കേന്ദ്രമായിരുന്ന മാമലക്കണ്ടത്ത് രാവിലെ 7 ന് പര്യടനത്തിന് തുടക്കമാകും. തുടർന്ന് കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട്, പല്ലാരമമംഗലം പഞ്ചായത്തുകളിൽ പര്യടനം നടത്തും. നാളെ ഇടുക്കിയിൽ രാവിലെ 7 ന് രാജമുടിയിൽ നിന്നും പര്യടനം ആരംഭിക്കും. വൈകിട്ട് 7.30 ന് കട്ടപ്പനയിൽ സമാപിക്കും.