seven-year-old-boy-died

ജനരോഷം ഭയന്ന് മാതാവ് അഭയമന്ദിരത്തിൽ

ഇടുക്കി: സമാനതകളില്ലാത്ത ക്രൂരതയുടെ രക്തസാക്ഷിയായി മുത്തശ്ശിയുടെ വീട്ടുവളപ്പിലെ അറടിമണ്ണിലടങ്ങിയ ഏഴുവയസുകാരന്റെ കണ്ണീരോർമ്മയിൽ നിന്ന് നാട്ടുകാർ ഇന്നലയും മോചിതരായിരുന്നില്ല.

എല്ലാവർക്കും പറയാനുണ്ടായിരുന്നത് കുഞ്ഞിന്റെ കഥകൾ മാത്രം. രാവിലെ ദേവാലയങ്ങളിൽ പോകാനിറങ്ങിയ സ്‌ത്രീകൾ പരസ്പരം കണ്ടപ്പോൾ സംസാരിച്ചതിലേറെയും ആ കുഞ്ഞിന് സംഭവിച്ച ദുരന്തത്തെക്കുറിച്ചായിരുന്നു. നാടൊട്ടുക്ക് തിരഞ്ഞെടുപ്പ് തിരക്കിലായിരുന്നെങ്കിലും നാട്ടിലെ ഇന്നലത്തെ പ്രധാന ചർച്ചവാഷയം ഏഴുവയസുകാരനായിരുന്നു.

ഇതിനിടെ ജനരോഷം ഭയന്ന് കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവ് ശനിയാഴ്ച രാത്രിതന്നെ കട്ടപ്പനയിലെ അഭയമന്ദിരത്തിലേക്ക് താമസം മാറി. യുവതിയുടെ സംഘർഷഭരിതമായ മാനസീകാവസ്ഥയും നാട്ടുകാരുടെ പ്രതികരണവും ഭയന്ന് അഭയമന്ദിരം അധികൃതർ നേരിട്ടെത്തിയാണ് ഇവരെ കൂട്ടിക്കൊണ്ടുപോയത്. ഇളയകുട്ടിയും യുവതിയുടെ മാതാവും ഒപ്പമുണ്ട്. യുവതിയെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തിയാലെ കേസിന് പുരോഗതിയുണ്ടാകൂ. ആദ്യ ഭർത്താവിന്റെ മരണം സംബന്ധിച്ചും പൊലീസിന് ഇവരിൽ നിന്ന് മൊഴി എടുക്കേണ്ടതുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നത് അസാധ്യമാണെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് കൗൺസലിംഗിന് ഉൾപ്പെടെ വിധേയയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കാനാണ് നീക്കം. എന്നാൽ കുട്ടിയുടെ മരണത്തിന്റെ കൂട്ടുത്തരവാദിത്വത്തിൽ നിന്ന് യുവതിയെ പൂർണമായും ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായി നാട്ടുകാർ ആരോപിച്ചു.

അതേസമയം മുട്ടം ജില്ല ജയിലിൽ പ്രത്യേക സെല്ലിൽ കഴിയുന്ന അരുൺ ആനന്ദിന് ഇപ്പോഴും യാതൊരു കുറ്രബോധവുമില്ലെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. കുട്ടിയുടെ മരണശേഷം ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുകയും പോക്സോ നിയമപ്രകാരം അന്വേഷണ ഉദ്യോഗസ്ഥർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിലാണ് പ്രതി. സുഭിക്ഷമായി ഭക്ഷണം കഴിച്ചും ഉറങ്ങിയുമൊക്കെ സമയം തള്ളിനീക്കുകയാണെങ്കിലും സഹതടവുകാരെ നന്നായി ഭയക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മറ്റ് തടവുകാർക്കൊപ്പം പ്രഭാതകൃത്യങ്ങൾക്ക് ഇയാളെ പുറത്തിറക്കാറില്ല. സുരക്ഷ പരിഗണിച്ച് മുട്ടം ജയിലിൽ നിന്ന് മാറ്റണമെന്ന് പ്രതി കഴിഞ്ഞിദിവസം കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ കോടതി അത് പരിഗണിച്ചില്ല. അതിനിടെ കൊച്ചിയിൽ നിന്ന് മൂന്ന് അഭിഭാഷകർ അരുൺ ആനന്ദിന് നിയമസഹായം വാഗ്ദാനം ചെയ്ത് കഴിഞ്ഞദിവസം ജയിലിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.