ദേവികുളം: തോട്ടം തൊഴിലാകളിൻ അൻപുതലൈവർ അഡ്വ.ഡീൻ കുര്യാക്കോസിന് കൈ ചിഹ്നത്തിൽ ഉങ്കൾ പൊന്നാന വാക്കുകളെ അഴൈത്ത് അവരെഅമോക വെട്രിപെറ ചെയ്യവേണ്ടും... ശനിയാഴ്ച കോതമംഗലത്ത് പര്യടനം പൂർത്തിയാക്കി ഇന്നലെ ദേവികുളം മണ്ഡലത്തിൽ പ്രവേശിച്ചതോടെ യു.ഡി.എഫിന്റെ അനൗൺസ്മെന്റ് വാഹനങ്ങൾ ഭാഷയും ശൈലിയും അടിമുടി മാറ്റി. തമിഴ് തോട്ടം തൊഴിളികളോട് തമിഴിലായി വർത്തമാനം. സ്ഥാനാർത്ഥി പര്യടനം വിളിച്ചറിയിച്ചുകൊണ്ട് തേയിലക്കാടുകൾക്കിടയിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ തൊഴിലാളികളും ആവേശത്തിലായി.
രാവിലെ 7 ന് ചിന്നക്കനാൽ ബിഎൽറാമിൽ കെപിസിസി വൈസ് പ്രസിഡന്റ് എ.കെ മാണി ദേവികുളം മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തു. അതിരാവിലെ ചെറിയമഞ്ഞും തണുപ്പുമൊക്കെ ഉണ്ടായിരുന്നെങ്കിലും നൂറുകണക്കിന് തൊഴിലാളികൾ തടിച്ചുകൂടിയതോടെ സ്ഥാനാർത്ഥിയുടെ മണ്ഡലപര്യടനം ഇരട്ടി ആവേശത്തിലായി. പിന്നീട് ചെമ്പകതോട് കുടിയിൽ എത്തിയപ്പോൾ ചരിത്രത്തിൽ മുഴുവൻ ആദിവാസികളും കുടുംബസമേതം സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പെരിയകനാൽ എസ്റ്റേറ്റിലെത്തിയപ്പോൾ കൊളുന്തുനുള്ലിക്കൊണ്ടിരുന്ന തൊഴിലാളി സ്ത്രീകൾ സ്ഥാനാർത്ഥിയെ കാണാൻ തടിച്ചുകൂടി. ജയിച്ചുവന്നാൽ തങ്ങളുടെ കൂലി കൂട്ടിത്തരാൻ നടപടി എടുക്കണമെന്ന ആവശ്യം അംഗീകരിച്ചതായി സ്ഥാനാർത്ഥി പ്രതികരിച്ചതോടെ തൊഴിലാളികൾ സിന്ദാബാദ് വിളിച്ച് ആശിർവദിച്ചു. . പിന്നീട് മൂന്നാർ ടൗണിലും നൂറുകണക്കിന് തൊഴിലാളികൾ ഹാരമണിയിച്ച് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരുചക്രവാഹനറാലി എല്ലായിടത്തും സ്ഥാനാർത്ഥി പര്യടനം അക്ഷരാർത്ഥത്തിൽ റോഡ് ഷോകളായി മാറി. പെന്തകോസ്ത് സഭയുടെ കൺവെൻഷനിൽ വിശ്വാസികളെ കണ്ട് വോട്ട് അഭ്യർത്ഥിച്ച ഡീൻ കുര്യാക്കോസ് മൂന്നാർ കോളനി, കള്ളിക്കാട് മാട്ടുപ്പെട്ടി എക്കോ പോയിന്റ്, ചിറ്റൂർ സൗത്ത് ഓവർ, തന്മല തലയാർ വാഗുവര, ഫാക്ടറി മൂന്നാർ എന്നീ മേഖലകൾ സന്ദർശിച്ച് കോഫി സ്റ്റോറിൽ പര്യടനം അവസാനിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് , ജി. മുനിയാണ്ടി , ഡി കുമാർ, എം.പി സൈനുദ്ദീൻ, തുടങ്ങി യുഡിഎഫ് ബ്ലോക്ക് ജില്ല നേതാക്കൾ പങ്കെടുത്തു.
ഡീൻ കുര്യാക്കോസ് ഇന്ന് മൂവാറ്റുപുഴയിൽ പര്യടനം നടത്തും. രാവിലെ 7 30ന് ആവോലി പുളിക്കായത്തുകടവിൽ ജോസഫ് വാഴയ്ക്കൻ എംഎൽഎ പര്യടനപരിപാടി ഉദ്ഘാടനം ചെയ്യും. മാറാടി, വാളകം, പായിപ്ര പഞ്ചായത്തുകളിൽ പര്യടനം നടത്തിയശേഷം വൈകിട്ട് 7 ന് പെഴക്കാപള്ളിയിൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.