രാജാക്കാട്: തിരുവനന്തപുരത്തുനിന്നു കാണാതായ റിട്ട.എസ്.ഐ യുടെ മൃതദേഹം കേരള- തമിഴ്നാട് അതിർത്തിയിലെ ഇടുക്കി തേവാരംമെട്ടിൽ കണ്ടെത്തി. നെയ്യാറ്റിൻകര അധാരാവീട്ടിൽ ജ്ഞാനദാസിന്റെ (67) മൃതദേഹമാണ് കണ്ടെത്തിയത്. ജ്ഞാനദാസിനെ കാണാതായതിനെ തുടർന്ന് മകൻ അമൽ കഴിഞ്ഞ ദിവസം ഉടുമ്പൻചോല പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വൈകിട്ടോടെ തേവാരംമെട്ടിനു സമീപം കൊക്കയിൽ നിന്നു മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ജ്ഞാനദാസിന്റെ ബൈക്ക് മറിഞ്ഞ നിലയിലും കിടപ്പുണ്ടായിരുന്നു. ബൈക്ക് അപകടത്തെ തുടർന്ന് മരിച്ചതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ഉടുമ്പൻചോലയ്ക്കു സമീപം ജ്ഞാനദാസിന് അഞ്ചേക്കർ ഏലത്തോട്ടവും വീടും ഉണ്ട്. ഇവ നോക്കി നടത്തുന്നതിനായി ഇടയ്ക്ക് തിരുവനന്തപുരത്തു നിന്നു എത്താറുണ്ട്. ഇങ്ങനെ വന്നശേഷം കാണാതാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് അഗാധമായ കുഴിയിലേക്കു മറിഞ്ഞ നിലയിലാണ്. ഇതിന്റെ പിന്നിൽ കെട്ടിവച്ച നിലയിൽ ഏലക്കായും കണ്ടെത്തി. മൃതദേഹത്തിനു 3 ദിവസത്തെ പഴക്കമുണ്ട്. ഉടുമ്പൻചോല പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.