തൊടുപുഴ: തൊടുപുഴ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് ഇന്നലെ നടന്ന ഉത്സവ ബലിദർശനത്തിന് വൻ ഭക്തജനതിരക്ക്. നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുമെത്തിയ പതിനായിരങ്ങൾ ഉത്സവബലി തൊഴുത് സായൂജ്യമടഞ്ഞു. തെക്കേ നടവഴി ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് പടിഞ്ഞാറ് വശത്തുകൂടി ചുറ്റമ്പലത്തിൽ കയറി എഴുന്നുള്ളിച്ച് വച്ച ഭഗവാന് മുന്നിൽ തൊഴു കൈയോടെ കാണിക്ക അർപ്പിച്ച് ദർശനം നടത്തി നിർവൃതിയടഞ്ഞു. ഇന്നലെ രാവിലെ മുതൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് വൻ ഭക്തജന പ്രവാഹമായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തർ ക്ഷേത്ര കവാടം മുതൽ മുനിസിപ്പൽ പാർക്ക് ജംഗ്ഷൻ വരെ ദർശനത്തിന് ക്യൂ നിന്നു. ദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. വണ്ണപ്പുറം, ​ ഉടുമ്പന്നൂർ,​ കോടിക്കുളം,​ വഴിത്തല,​ അരിക്കുഴ, മണക്കാട്,​ കരിങ്കുന്നം,​ പുറപ്പുഴ,​ മടക്കത്താനം,​ കരിമണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അന്യ ജില്ലകളിൽ നിന്നും ഭക്തജനങ്ങളെത്തിയിരുന്നു. ഉത്സവബലി ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി കാവനാട് രാമൻ നമ്പൂതിരി,​ മേൽശാന്തി പടിഞ്ഞാറേമഠം മാധവൻ പോറ്റി എന്നിവർ കാർമ്മികത്വം വഹിച്ചു. ഉത്സവബലി ദർശനം രണ്ട് മണിവരെ നീണ്ടു. പ്രസാദ ഊട്ടിനും ആയിരങ്ങൾ പങ്കെടുത്തു. ചാക്യാർ കൂത്ത്,​ കാഴ്ച ശ്രീബലി,​ മേജർസെറ്റ് പഞ്ചവാദ്യം,​ പള്ളിവേട്ട എഴുന്നള്ളിപ്പ്,​ തിരുമുമ്പിൽ വലിയകാണിക്ക,​ ഇറക്കി എഴുന്നള്ളിപ്പ് എന്നിവ നടന്നു. ഇന്ന് ആറാട്ടോടെ ഉത്സവം സമാപിക്കും. രാവിലെ പതിവ് ചടങ്ങുകൾ,​ വൈകിട്ട് 6.30മു തൽ ആറാട്ട് ബലി,​ ആനയൂട്ട്,​ 7ന് ആറാട്ട് പുറപ്പാട്,​ 8ന് ആറാട്ട് കടവിൽ നിന്ന് എതിരേൽപ്പ്,​ പഞ്ചവാദ്യം,​ കൊടിക്കിഴിൽ പറവയ്പ്പ്,​ 10.30ന് കൊടിയിറക്ക്,​ ആറാട്ട് കഞ്ഞി,​ 11ന് 25 കലശാഭിഷേകം,​ ഉച്ച ശിവേലി,​ 10ന് രാവിലെ 11ന് കളഭാഭിഷേകം.