മൂലമറ്റം: ബൈക്കപകടത്തിൽപ്പെട്ട് റോഡിൽ ചോര വാർന്ന് കിടന്നയാളെ രക്ഷിച്ചത് റോസമ്മയുടെ നന്മ മനസ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് കുരുതിക്കുളം ഒന്നാം വളവിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ കുളമാവ് പ്ലാവില ചെരുവിൽ ബിജോയെയാണ് (38) റോസമ്മ രക്ഷപ്പെടുത്തിയത്. അപകടം നടന്നതിന്റെ അടുത്താണ് വെള്ളിയാമറ്റം പഞ്ചായത്തിലെ ആശാ വർക്കറായ കുരങ്ങനാനിയിൽ റോസമ്മ താമസിക്കുന്നത്. നിരവധി പേർ അപകടം കണ്ട് കടന്ന് പോയെങ്കിലും ആരും രക്ഷാപ്രവർത്തനത്തിന് തയ്യാറായില്ല. സമീപത്തുള്ളവരോട് റോസമ്മ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഇടുക്കി ഭാഗത്തേക്ക് വന്ന കാർ കൈകാണിച്ച് നിറുത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കണമെന്ന് റോസമ്മ ആവശ്യപ്പെട്ടു. ആദ്യം അവർ മടിച്ചെങ്കിലും റോസമ്മയുടെ നിർബന്ധത്തിന് വഴങ്ങി പരിക്കേറ്റയാളെ കാറിൽ കയറ്റാൻ തയ്യാറായി. റോഡിൽ കമിഴ്ന്ന് കിടക്കുന്ന ആളെ കാറിൽ കയറ്റാനും റോസമ്മ തന്നെ മുൻകൈ എടുത്തു. പരിക്കേറ്റയാളുടെ കൂടെ പോകാൻ മറ്റാരും തയ്യാറാകാത്തതിനാൽ ആ ദൗത്യവും റോസമ്മ തന്നെ ഏറ്റെടുത്തു. മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനു ശേഷം അപകടനില തരണം ചെയ്തുവെന്ന് ഉറപ്പാക്കിയതിനു ശേഷമാണ് റോസമ്മ മടങ്ങിയത്.