വണ്ടിപ്പെരിയാർ: കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തിയ രണ്ടു യുവാക്കളെ വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാർ നല്ലതമ്പി കോളനിയിൽ ജോൺ ജെസ്വിൻ (24), മൗണ്ട് സത്രം ഇന്ദിരാ ഭവനിൽ രാജേഷ് (22) എന്നിവരെയാണ് വണ്ടിപ്പെരിയാർ എസ്.ഐ രാജേഷും സംഘവും പിടികൂടിയത്. കഴിഞ്ഞ ദിവസം ദേശീയപാത 183ൽ അറുപത്തി രണ്ടാം മൈലിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരിൽ നിന്നും കഞ്ചാവ് പിടിച്ചത്. രാജേഷിൽ നിന്ന് 75 ഗ്രാം കഞ്ചാവും വിൽപ്പന നടത്തിയ പണവും ഇയാൾ സഞ്ചരിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു. പ്രതിയായ രണ്ടാമനിൽ നിന്ന് 50 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. ഇരുവരെയും പീരുമേട് കോടതിയിൽ ഹാജരാക്കി.