പീരുമേട്: കുട്ടിക്കാനത്ത് പ്രവർത്തിക്കുന്ന ഹോട്ട് ടാർ മിക്‌സിംഗ് പ്ലാന്റിൽ നിന്ന് കുട്ടിക്കാനം- കട്ടപ്പന സംസ്ഥാന പാതയിലെ കട്ടപ്പന ഭാഗത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ടാർ മിക്‌സിംഗ് മെറ്റലുമായെത്തിയ ലോറി സമരസമിതി പ്രവർത്തകർ തടഞ്ഞു. തിങ്കളാഴ്ച രാവിലെ 11ന് പള്ളിക്കുന്ന് ജംഗ്ഷനിൽ വെച്ചാണ് സമരസമിതി പ്രവർത്തകർ തടഞ്ഞത്. കൊട്ടാരക്കര- ദിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് മുതൽ കുമളി വരെയുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പ്ലാന്റ് പ്രവർത്തിക്കാൻ കോടതി അനുമതി നൽകിയിരിക്കുന്നതെന്നാണ് സമരസമിതി പ്രവർത്തകർ പറയുന്നത്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി കുട്ടിക്കാനം ടാർപ്ലാന്റിൽ നിന്ന് മറ്റു ഭാഗത്തേക്ക് ടാർ മിക്‌സിംഗ് ലോഡ് കടത്തിക്കൊണ്ടു പോകാൻ കഴിയില്ലെന്ന് ആരോപിച്ചാണ് സമരസമിതിക്കാർ ലോഡുമായി പോയ ലോറി വഴിയിൽ തടഞ്ഞത്. ഹൈറേഞ്ചിലെ വിവിധ കേന്ദ്രങ്ങളിലേക്ക് രാത്രി കാലങ്ങളിൽ ലോഡ് കണക്കിന് ടാർ മിക്‌സിംഗ് കടത്തുന്നതായാണ് സമര സമിതിയുടെ ആരോപണം. തുടർന്ന് പീരുമേട് പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ടാർ മിക്‌സിംഗ് പ്ലാന്റിലേക്ക് ലോറി തിരികെ മടക്കി അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹോട്ട് ടാറിങ് മിക്‌സിംഗ് പ്ലാന്റിന്റെ പ്രവർത്തനം ഹൈക്കോടതിയിൽ നിന്നെത്തിയ കമ്മിഷൻ നിരീക്ഷിക്കുകയും സമീപവാസികളിൽ നിന്ന് വിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. സമരസമിതിയുടെ നേതൃത്വത്തിൽ പ്ലാന്റിന് മുമ്പിൽ കുടിൽ കെട്ടി നടത്തുന്ന നിലെ സമരം 15 ദിവസം പിന്നിട്ടു.