ചെറുതോണി : പത്രമാദ്ധ്യമങ്ങളിലൂടെയും നവമാദ്ധ്യമങ്ങളിലൂടെയും വ്യക്തിഹത്യ ചെയ്യുന്നതിനെതിരെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്‌സ് ജോർജ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലും മതസ്പർദ്ധ ഉണ്ടാകുന്ന രീതിയിലും വ്യാപകമായി പ്രചരണം നടത്തുകയാണ്. പത്രമാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അപകീർത്തി പ്രചരണം നടത്തുന്നവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പെരുമാറ്റ ചട്ടം അനുസരിച്ചുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് സ്ഥാനാർത്ഥി ആവശ്യപ്പെട്ടു. ജോയ്‌സുന് വേണ്ടി ചീഫ് ഇലക്ഷൻ ഏജന്റ് സി.വി. വർഗീസാണ് വരണാധികാരിയായ ജില്ലാ കളക്ടർക്കും സംസ്ഥാന ഇലക്ഷൻ കമ്മിഷനും പരാതി നൽകിയത്. മാദ്ധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയ്‌ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എ.ഡി.എം ചെയർമാനായി രൂപീകരിച്ചിട്ടുള്ള കമ്മിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെയും കോൺഗ്രസ് നേതൃത്വത്തിന്റെയും നിർദ്ദേശാനുസരണമാണ് വ്യക്തിഹത്യ നടത്തുന്നതെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി വാർത്താക്കുറിപ്പിൽ ആരോപിച്ചു.