alex
അലക്‌സ് ഓടത്തിൽ

പീരുമേട്: കോൺഗ്രസിലെ അലക്‌സ് ഓടത്തലിനെ പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ഏഴിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് അലക്‌സ് ഓടത്തിൽ വിജയിച്ചത്. സി.പി.ഐ പ്രതിനിധി ആൻ രാജിനെയാണ് പരാജയപ്പെടുത്തിയത്. രണ്ട് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയതോടെ 17 അംഗ സമിതിയിൽ നിലവിൽ എൽ.ഡി.എഫ്- 7,​ യു.ഡി.എഫ്- 7,​ എ.ഐ.ഡി.എം.കെ- ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഇരു മുന്നണികൾക്കും തുല്യ അംഗങ്ങളായതോടെ എ.ഐ.ഡി.എം.കെ അംഗമായ എസ്. പ്രവീണയുടെ വോട്ടായിരുന്നു നിർണായകമായത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്. പ്രവീണയെ പിന്തുണയ്ക്കാമെന്ന് കോൺഗ്രസ് നേതൃത്വം വാഗ്ദാനം നൽകിയതോടെ ഇവർ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. പതിനേഴാം വാർഡായ സ്റ്റാഗ് ബ്രൂക്കിൽ നിന്ന് വിജയിച്ചാണ് അലക്‌സ് ഓടത്തിൽ പഞ്ചായത്ത് ഭരണ സമിതിയിൽ എത്തിയത്. വൈസ് പ്രസിഡന്റ് രാജുവടുതലയെ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയതോടെയാണ് പീരുമേട് പഞ്ചായത്ത് ഭരണസമിതിയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി പാമ്പനാർ ഈസ്റ്റ് വാർഡിൽ നിന്ന് വിജയിച്ച രാജുവടുതല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ഭരണസമിതിയിലെ ഭിന്നതയെ തുടർന്ന് പാർട്ടി അംഗത്വം രാജിവെച്ച് ഇടതുപക്ഷവുമായി ചേർന്നു പ്രവർത്തിക്കുകയും പിന്നീട് എൽ.ഡി.എഫ് പിന്തുണയോടെ വൈസ് പ്രസിഡന്റ് സ്ഥാനം നിലനിർത്തുകയുമായിരുന്നു. വൈസ് പ്രസിഡന്റ് രാജു വടുതലയ്‌ക്കൊപ്പം കല്ലാർ വാർഡിൽ നിന്ന് കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ച് പഞ്ചായത്ത് പ്രസിഡന്റായ ശേഷം ടി.എസ്. സുലേഖയും കൂറുമാറി സി.പി.എമ്മിൽ ചേർന്നിരുന്നു. രണ്ടു പേരും കൂറ് മാറിയതോടെ യു.ഡി.എഫിന് പഞ്ചായത്ത് ഭരണവും നഷ്ടമായി. കൂറുമാറ്റ നിയമ പ്രകാരം നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് ഇരുവരുടെ പേരിലും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. തുടർന്നാണ് രണ്ട് അംഗങ്ങളെ കൂറുമാറ്റ നിരോധന നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യരാക്കിയത്. സമാന സാഹചര്യത്തിൽ അഴുത ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യത കൽപ്പിക്കുന്നതിനു മുമ്പ് പ്രസിഡന്റ് പദവി രാജിവയ്പ്പിച്ച് സുലേഖയുടെയും വൈസ് പ്രസിഡന്റ് രാജു വടുതലയുടെയും വോട്ടവകാശം ഉപയോഗിച്ച് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫ് നേരെത്തെ നേടിയെടുത്തു.


പഞ്ചായത്തിൽ ഭരണ പ്രതിസന്ധിക്ക് സാധ്യത

പഞ്ചായത്ത് പ്രസിഡന്റ് രജനി വനോദ് സി.പി.എം പ്രതിനിധിയും വൈസ് പ്രസിഡന്റ് അലക്‌സ് ഓടത്തിൽ കോൺഗ്രസ് പ്രതിനിധിയുമാണ്. ഇരു മുന്നണികളിൽപ്പെട്ടവർ ഭരണ സമിതിയിലേക്ക് എത്തുമ്പോൾ നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. വൈസ് പ്രസിഡന്റിനാണ് പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെന്നത് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ബുദ്ധിമുട്ടാകും. കഴിഞ്ഞ ജനുവരി 30 ന് പുതിയ പ്രസിഡന്റായി സി.പി.എമ്മിലെ രജനി വനോദിനെ തിരഞ്ഞെടുത്തതിനാൽ ആറു മാസത്തിനു ശേഷം മാത്രമേ യു.ഡി.എഫിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സാധിക്കൂ. ഒരു അംഗത്തിന്റെ ഭൂരിപക്ഷം യു.ഡി.എഫിനു കൂടുതൽ ഉണ്ടെങ്കിലും ഇത്രയും നാൾ കാത്തിരുന്ന് ഭരണം തിരികെ പിടിക്കാനാണ് യു.ഡി.എഫ് തീരുമാനം. എന്നാൽ ഇക്കാലയളവിൽ രണ്ടംഗങ്ങളെ അയോഗ്യരാക്കിയ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പുകളിൽ സി.പി.എം അംഗങ്ങളെ വിജയിപ്പിക്കാനും വീണ്ടും ഭരണം തുടരാനുമാണ് എൽ.ഡി.എഫ്.തീരുമാനം.