തൊടുപുഴ: ഉടുമ്പന്നൂർ ടൗണിൽ ഉഗ്രശബ്ദത്തോടെ സ്‌ഫോടനമുണ്ടായത് നാടിനെ നടുക്കി. ഇന്നലെ രാവിലെ 7.15 നാണ് പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ പതിവായി മാലിന്യം കത്തിക്കുന്ന സ്ഥലത്ത് പൊട്ടിത്തെറിയുണ്ടായത്. അഞ്ചു കിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടന ശബ്ദം കേട്ടു. രാവിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാതിരുന്നതിനാലും വാഹനങ്ങൾ ഇല്ലാതിരുന്നതിനാലും വൻ അപകടം ഒഴിവായി. തിരക്കേറിയ ടൗണിൽ വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലാണ് പൊട്ടിത്തെറിയുണ്ടായത്.
രാവിലെ ശുചീകരണ തൊഴിലാളികൾ മാലിന്യത്തിനു തീയിട്ടു പോയതിനു ശേഷമാണ് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചത്. സമീപവാസികളെല്ലാം വലിയ ശബ്ദം കേട്ട് പരിഭ്രാന്തരായി. ബോംബ് പൊട്ടിയതാണെന്ന അഭ്യൂഹം പരന്നതിനെ തുടർന്ന് ഒട്ടേറെ ജനങ്ങളും സ്ഥലത്തെത്തി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തി. പിന്നീട് തൊടുപുഴ ഡി.വൈ.എസ്.പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസെത്തി പരിശോധന നടത്തി. ഉച്ചയോടെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. ശബരിമല വിഷയത്തിന്റെ പേരിൽ ശബരിമല കർമ സമിതി നടത്തിയ ഹർത്താലിനിടയിൽ ഉടുമ്പന്നൂരിൽ സി.പി.എം- ബി.ജെ.പി സംഘർഷമുണ്ടായിരുന്നു. ഇപ്പോഴുണ്ടായ സ്‌ഫോടനത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ പ്രാഥമിക പരിശോധനയിൽ മാലിന്യത്തിൽ കിടന്ന പടക്കമോ മറ്റോ പൊട്ടിയതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു. തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ഉടുമ്പന്നൂരിൽ കഴിഞ്ഞ ദിവസം പടക്കം പൊട്ടിച്ചിരുന്നു. ഇത് മാലിന്യക്കൂമ്പാരത്തിൽ കിടന്നു പൊട്ടിയതാകാമെന്ന് സംശയിക്കുന്നതായും ഡി.വൈ.എസ്.പി പറഞ്ഞു.