രാജാക്കാട്: ബൈക്കിൽ കഞ്ചാവുമായി രണ്ട് വിദ്യാർത്ഥികൾ കമ്പംമെട്ടിൽ എക്‌സൈസിന്റെ പിടിയിൽ. രാജാക്കാട് കൊച്ചുപ്പ് ഓലിക്കൽ സുധീഷ് (21), കരുണാപുരം ബാലഗ്രാം ശ്രീദേവിഭവൻ ശ്രീജിത്ത് (21) എന്നിവരാണ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. എക്‌സൈസിന്റെ ഉടുമ്പൻചോല റേഞ്ച് പാർട്ടിയും കമ്പംമെട്ട് ചെക്പോസ്റ്റ് പാർട്ടിയും ഇന്ന് പകൽ സംയുക്ത വാഹന പരിശോധന നടത്തുന്നതിനിടെ ഇരുവരും പൾസർ ബൈക്കിൽ തമിഴ്‌നാട്ടിൽ നിന്ന് എത്തി. വിശദമായ പരിശോധനയിൽ ബൈക്കിന്റെ ടാങ്കിന്റെ വശത്ത് പ്രത്യേക അറയിൽ ഒളിപ്പിച്ചു വച്ചിരുന്ന 100 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കഞ്ചാവ് കമ്പത്ത് നിന്ന് 2000 രൂപക്ക് വാങ്ങിയതാണെന്നും ഇവർ പഠിക്കുന്ന മൂവാറ്റുപുഴയിലെ ഹോസ്റ്റലിൽ എത്തിക്കുന്നതിനായി കൊണ്ടുപോകുകയായിരുന്നെന്നും മൊഴി നൽകിയിട്ടുണ്ട്. പരിശോധനയിൽ സി.ഇ.ഒമാരായ ജോർജ്ജ്, രാധാകൃഷ്ണൻ, അരുൺ, അനീഷ്, ജോഫിൻ, ആൽഫിൻ, പ്രിവന്റീവ് ഓഫീസർ കടകര എന്നിവരും പങ്കെടുത്തു.