വണ്ടിപ്പെരിയാർ: ആശുപത്രി കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു. രോഗികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വണ്ടിപ്പെരിയാർ സമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മരുന്നു വിതരണം ചെയ്യുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികകളാണ് തിങ്കളാഴ്ച ഉച്ചയോടെ അടർന്നുവീണത്. ഈ സമയം മരുന്നു വാങ്ങുന്നതിനായി നിരവധി രോഗികൾ നിരനിരയായി വരാന്തയിൽ നിന്നിരുന്നെങ്കിലും ഓടി മാറിയതിനാൽ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. രണ്ടു രോഗികളുടെ കാലിൽ കോൺക്രീറ്റ് കഷണങ്ങൾ വീണെങ്കിലും കാര്യമായ പരിക്കുകളില്ലാതെ ഇരുവരും രക്ഷപ്പെട്ടു.ഫാർമസി കെട്ടിടം പ്രവർത്തിക്കുന്നത് ആശുപത്രിയുടെ കെട്ടിടത്തിലാണ്. പെരിയാർ മേഖലയിൽ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെയും കർഷകരുടെയും ചികിത്സയ്ക്കായുള്ള ഏക ആശ്രയ കേന്ദ്രമാണ് ഇത്. പ്രാഥമിക ആരോഗ്യകേന്ദ്രത്തെ സാമൂഹിക ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയെങ്കിലും കിടത്തി ചികിത്സയ്ക്ക് ആവശ്യമായ കെട്ടിടങ്ങൾ തുറന്നു നൽകാത്തതും സാധാരണക്കാർക്ക് ഇപ്പോഴും തിരിച്ചടിയാണ്. നിലവിൽ പഴയ കെട്ടിടങ്ങളിലാണ് രോഗികളെ കിടത്തി ചികിത്സിക്കുന്നത്.