ഇടുക്കി: തിരഞ്ഞെടുപ്പിന് ശേഷം ഉരുത്തിരിയുന്ന മതേതര മുന്നണി രാജ്യം ഭരിക്കുമെന്നും, രാഹുൽഗാന്ധി അതിന്റെ നേതാവായിരിക്കില്ലെന്നും സി.പി.ഐ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
ഇടുക്കി പ്രസ് ക്ലബിൽ നേതാവിനൊപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ബി.ജെ.പി യെ ദേശിയതലത്തിൽ സഹായിക്കാനാണ്. അമേഠിയിലും വയനാട്ടിലും വിജയിച്ചാൽ ഒരിടത്ത് രാജി വെയ്ക്കേണ്ടിവരും. അതിനർത്ഥം പാർലമെന്റിൽ എൻ.ഡി.എയ്ക്കെതിരായി ഒരു വോട്ട് കുറയും എന്നാണ്. ബി.ജെ.പി യെ അധികാരത്തിൽ നിന്ന് ഇറക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കരുതായിരുന്നു. കാരണം രാജ്യത്തെ യഥാർത്ഥ മതേതരബദൽ കേരളത്തിലെ ഇടതുപക്ഷമാണ്. അതിനെ ദുർബലപ്പെടുത്തുന്നത് ആരെ സഹായിക്കാനാണ് എന്ന് എ.കെ. ആന്റണിയും കൂട്ടരും ആലോചിക്കണം.
വർഗീയ ഫാസിസ്റ്റ് നയങ്ങൾ പിന്തുടരുന്ന ബി.ജെ.പി അധികാരത്തിൽ നിന്ന് പോകണം. പക്ഷെ പകരം വരേണ്ടത് കോൺഗ്രസ് അല്ല. കോൺഗ്രസ് മൃദുഹിന്ദുത്വ നിലപാടുള്ള പാർട്ടിയാണ്. കേരളത്തിൽ എൽ.ഡി.എഫ് 20 സീറ്റിലും വിജയിക്കും. 2014 ൽ ഉണ്ടായിരുന്നതിനേക്കാൾ മുന്നണി ഇന്ന് വളരെ ശക്തമാണ്. രണ്ട് പുതിയ പാർട്ടികളും മറ്റ് പലപാർട്ടികളിലേയും ഭൂരിപക്ഷം പ്രവർത്തകരും ഇടതുമുന്നണിയിൽ ചേർന്നതോടെ ഇടതുപക്ഷ ദശകക്ഷി മുന്നണിയാണ് കേരളത്തിലുള്ളത്. അതേസമയം യു.ഡി.എഫ് വളരെ ദുർബലമാവുകയും ചെയ്തു. നായാടി മുതൽ നമ്പൂതിരി വരെ കൂടെയുണ്ടെന്ന് അവകാശപ്പെടുന്ന എൻ.ഡി.എ യിൽ അവരാരുമില്ല. അതുകൊണ്ട് സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടവും ദേശിയ രാഷ്ട്രീയത്തിന്റെ പ്രസക്തിയും തിരിച്ചറിയുന്ന പ്രബുദ്ധരായ വോട്ടർമാർ ഇരുപത് സീറ്റിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കും. ഇപ്പോൾ പുറത്തിറക്കുന്ന പ്രകടനപത്രികകളൊക്കെ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മാറ്റിവച്ച്, പുതുതായി രൂപീകരിക്കുന്ന പൊതുമനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും ഭരണം നടക്കുക. അതുകൊണ്ട് പ്രകടനപത്രികകളിലെ വാഗ്ദാനങ്ങളിലൊന്നും ജനങ്ങൾ പ്രതീക്ഷയർപ്പിക്കേണ്ടതില്ല. ദേശിയതലത്തിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകില്ലെന്നു തറപ്പിച്ചുപറഞ്ഞ പന്ന്യൻ, ബി.ജെ.പി ആകുമെന്നും പറഞ്ഞില്ല.