അടിമാലി: തിരഞ്ഞെടുപ്പ് കാലത്ത് ഇടുക്കിയിലെ അവകാശവാദങ്ങളിലേറെയും കോടികൾ മുടക്കി നിർമ്മിച്ച റോഡിന്റെ കഥകളാണ്. എന്നാൽ വർഷങ്ങളായി കാൽനടക്കാർക്ക് പോലും സഞ്ചരിക്കാനാവാത്ത നിരവധി റോഡുകൾ ഇന്നും ശാപമോക്ഷമില്ലാതെ ജില്ലയിലുണ്ട്. അതിലൊന്നാണ് മാങ്കുളം പഞ്ചായത്ത് ആറാംമൈൽ പ്രദേശത്തെ പ്രധാനപാത. ഇവിടെ നല്ലൊരു റോഡ് എന്നത് നാട്ടുകാരുടെ വിദൂരസ്വപ്നമാണ്. കുണ്ടും കുഴിയുമായി നാല് വർഷം പിന്നിട്ടിട്ടും റീടാറിംഗ് നടക്കാതെ വന്നതോടെ റോഡിന്റെ തകർച്ച പൂർണമായി. ചിക്കണംകുടി, കള്ളക്കൂട്ടികുടി, സിങ്ക് കുടി തുടങ്ങിയ ആദിവാസി മേഖലകളിലേക്കും ആറാംമൈൽ, അമ്പതാംമൈൽ തുടങ്ങിയ ജനവാസകേന്ദ്രങ്ങളിലേക്കുമുള്ള ഓരോയൊരു പാതയാണ് നിർമ്മാണം നടക്കാതെ തകർന്ന് കിടക്കുന്നത്. ഇടയ്ക്കിടെ പ്രദേശവാസികളും വാഹന ഉടമകളും സന്നദ്ധസംഘടനകളും ചേർന്ന് നടത്തുന്ന അറ്റകുറ്റപ്പണികൾ അല്ലാതെ മറ്റൊരു നിർമ്മാണ പ്രവർത്തനവും ഈ റോഡിൽ നടന്നിട്ടില്ലെന്നതാണ് വസ്തുത. റോഡിലെ കുഴികളിൽ ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. തകർന്ന റോഡിലൂടെയുള്ള യാത്ര അറ്റകുറ്റപണികളുടെ രൂപത്തിൽ വലിയ നഷ്ടം വരുത്തുന്നതായി വാഹന ഉടമകളും പറയുന്നു. പ്രളയത്തിൽ തകർന്ന പാതയുടെ 100 മീറ്ററോളം ഭാഗം ഇനിയും പുനർനിർമ്മിച്ചിട്ടില്ല. ഇന്ധന ചെലവും അറ്റകുറ്റപ്പണികളും ഏറിയതോടെ കെ.എസ്.ആർ.ടി.സിയും സർവീസ് അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ്. ആറാമൈൽ അമ്പതാം മൈൽ മേഖലകളിലെ വിനോദ സഞ്ചാരത്തിനും റോഡിന്റെ തകർച്ച തിരിച്ചടിയായി. തിരഞ്ഞെടുപ്പ് കാലത്തുപോലും ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താത്തവർ ഇനി എന്ന് റോഡ് നന്നാക്കുമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അതുകൊണ്ട് റോഡിന്റെ പുനർനിർമ്മാണം ആവശ്യപ്പെട്ട് ജനകീയ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.