ഇടുക്കി: കഴിഞ്ഞ ആഗസ്റ്റിലുണ്ടായ മഹാപ്രളയത്തിൽ ജില്ലയിലെ പ്രധാന റോഡുകളിൽ ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നൽകിയ കരാർ ജോലികളിൽ വൻക്രമക്കേട് നടന്നതായി വിവരാവകാശ രേഖ.

ഒരേ ജോലിക്ക് ഒന്നിലധികം കരാറുകൾ നൽകിയും തുക പെരുപ്പിച്ച് കാട്ടിയും ഉന്നത ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്ക് ഇഷ്ടംപോലെ ജോലികൾ നൽകിയുമൊക്കെയാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. മത്സരസ്വഭാവമുള്ള ടെന്റർ ക്ഷണിക്കാതെ അടിയന്തിര സ്വഭാവം കണക്കിലെടുത്ത് ക്വട്ടേഷൻ വ്യവസ്ഥയിൽ ജോലികൾ നൽകിയതും ക്രമക്കേടിന് മറയായി. കട്ടിംഗ് സൈഡിൽ നിന്ന് ഇടിഞ്ഞുവീണ മണ്ണിനൊപ്പം വലിയ മട്ടിക്കല്ലും പാറയും ഉണ്ടെന്നും ഇവ കിലോമീറ്ററുകൾ അകലെ കൊണ്ടുപോയി നിക്ഷേപിക്കെന്നുമൊക്കെ കാണിച്ചാണ് വൻതുകയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ പലയിടത്തും കട്ടിംഗ് സൈഡിലെ മണ്ണി മറുവശത്ത് റോഡിന്റെ കൊക്കയിലേക്ക് തള്ളുകയാണ് ചെയ്തിരിക്കുന്നത്. ഈ ഇനത്തിൽ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്. അതുപോലെ ഒരേസ്ഥലത്തെ മണ്ണ് നീക്കുന്നതിന് വൻതുകയുടെ ഒന്നിലധികം കരാറുകളും നൽകിയതായും രേഖകൾ വ്യക്തമാക്കുന്നു.

അടിമാലി- കുമളി ദേശിയ പാതയിൽ ചെയിൻ 0/000 മുതൽ 16/000 കിലോമീറ്റർ വരെ ആഗസ്റ്റ് 8, 9 തീയതികളിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിന് 1300268 രൂപയുടെ കരാറും, ഇതേ റോഡിൽ ചെയിൻ 10/000 മുതൽ 16/000 കിലോമീറ്റർ വരെ ആഗസ്റ്റ് 16 മുതൽ 18 വരെ ഇടിഞ്ഞുവീണ മണ്ണും മറ്റും നീക്കം ചെയ്യുന്നതിന് 1334668.36 രൂപയുടെ മറ്റൊരു കരാറും നൽകിയിട്ടുണ്ട്.

അതുപോലെ ദേശിയപാത 85 ൽ ചെയിൻ 138/000 മുതൽ 188/000 കിലോമീറ്റർ വരെ ആഗസ്റ്റ് 8, 9 തീയതികളിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിന് 1056796 രൂപയുടെ കരാറും, ഇതേ റോഡിൽ ചെയിൻ 138/000 മുതൽ 189/ 700 കിലോമീറ്റർ വരെ ആഗസ്റ്റ് 16-18 തീയതികളിൽ ഇടിഞ്ഞുവീണ മണ്ണും കല്ലും നീക്കം ചെയ്യുന്നതിന് മറ്റൊരാൾക്ക് 977756 രൂപയുടെ കരാറും നൽകി. ഇത്തരത്തിൽ മൂന്നുപേർക്ക് 2.68 കോടിരൂപയുടെ കരാറുകളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ പൊട്ടിച്ചുനീക്കിയ പാറയുടെ കണക്ക്, നീക്കം ചെയ്ത് മണ്ണിന്റെ ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ കാര്യങ്ങളും സംശയത്തിന്റെ നിഴലിലാണ്.

പ്രളയദുരിതാശ്വസത്തിന്റെ മറവിൽ നടന്ന കരാർ ജോലികളിൽ ക്രമക്കേടുണ്ടെന്ന് കണ്ട് വിവരാവകാശ നിയമപ്രകാരം രേഖകൾ ശേഖരിച്ച ആളിനെ കരാറുകാർ മർദ്ദിച്ചസംഭവവും ഉണ്ടായി. പൊതുമരാമത്ത് വകുപ്പിലെ സി ക്ലാസ് കരാറുകാരനായ വെളിയംകുന്നേൽ വി.എൻ. സജിയാണ് ജോസ് എന്ന കരാറുകാരനെതിരെ ഇടുക്കി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.