പീരുമേട്: അഴുത ബ്ലോക്ക് പഞ്ചായത്തിൽ പി.എം.എ.വൈ പദ്ധതിയിൽ കൃത്യവിലോപം കാട്ടുകയും സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തതുമായ സംഭവത്തിൽ രണ്ടുജീവനക്കാരെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തു.

ജോയിന്റ് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ (ആർ.എച്ച്) റോസമ്മ ഐസക്ക്, വില്ലേജ് എക്സ്റ്റന്ഷൻ ഓഫീസർ ആർ. മോഹനൻ എന്നിവർക്കെതിരായണ് ഗ്രാമ വികസന കമ്മിഷണർ നടപടി സ്വീകരിച്ചത് .
ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ അനുമതിയില്ലാതെ പി.എം.എ.വൈ (ജി) പദ്ധതി പ്രകാരം എട്ടു വീടുകൾക്ക് ആദ്യഗഡു ധനസഹായം നല്കിയെന്നാണ് ഇവർക്കെതിരായ ആരോപണം . ബി.ഡി.ഒയ്ക്ക് നല്കിയിരുന്ന ഫയലുകളിൽ വി.ഇ.ഒ, ജോയിന്റ് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ (ആർ.എച്ച്) എന്നിവർ വ്യക്തമായ ശുപാർശ നല്കിയിരുന്നില്ല. ഫയലുകളിൽ പലവിധ അപാകതകൾ കണ്ടതിനാൽ ധനസഹായത്തിന് ബി.ഡി.ഒ അനുമതി നല്കിയിരുന്നില്ല. ഇത്തരത്തിൽ അനുമതി നിഷേധിച്ച എട്ടു ഫയലുകളിൽ ബി.ഡി.ഒ അറിയാതെ തുക അനുവദിച്ചു നല്കുകയും ചെയ്തു. അനധികൃതമായി ധനസഹായം അനുവദിച്ച സംഭവത്തിൽ വിശദീകരണം തേടിയിരുന്നെങ്കിലും ജോയിന്റ് ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസർ (ആർ.എച്ച്) മറുപടി നല്കിയില്ല. തുടർന്ന് ബി.ഡി.ഒ മേൽനടപടിക്ക് ശുപാർശ ചെയ്യുകയായിരുന്നു. സംഭവത്തിൽ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി റിപ്പോർട്ട് നല്കിയിരുന്നു.