മറയൂർ: കാന്തല്ലൂർ നിന്നും ശേഖരിച്ച പച്ചക്കറിക്ക് വില നല്കാത്ത ഹോർട്ടികോർപ്പ് നടപടിയിൽ പ്രതിഷേധിച്ച് കർഷകർ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു. വെളുത്തുള്ളി കൃഷിക്ക് നിലമൊരുക്കിയ കർഷകർ വിത്തുവാങ്ങുന്നതിനുപോലും പണമില്ലാത്ത ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ സീസണിൽ വിറ്റ വിളകളുടെ വില ലഭിച്ചെങ്കിൽ മാത്രമേ ഇനി കൃഷിയിറക്കാനാകു എന്നാണ് കർഷകർ പറയുന്നത്. ജലക്ഷാമം രൂക്ഷമായിട്ടും ഏറെ കഷ്ടപ്പെട്ട് കൃഷിചെയ്ത വിളകളുടെ വിലയാണ് മാസങ്ങളായി കുടിശികയായിരിക്കുന്നത്. ലേലവിപണി മുഖാന്തിരം കർഷകർനിന്ന് നേരിട്ട് ശേഖരിച്ച പച്ചക്കറിയുടെ വിലയായി 8 ലക്ഷം രൂപയും സഹകരണസംഘത്തിലൂടെ ശേഖരിച്ചതിന്റെ 7. 66 ലക്ഷം രൂപയും ഹോർട്ടികോർപ്പ് നല്കാനുണ്ട്. ഇതിനുപുറമെ വാഹന കൂലിയും കിട്ടാനുണ്ട്. എന്നിട്ടും രണ്ടു സ്ഥാപനങ്ങളും ആഴ്ചയിൽ 4 ടൺ വീതം പച്ചക്കറി കയറ്റി വിടുന്നുമുണ്ട്. കാരറ്റും കാബേജും സെലക്ഷൻ ബീൻസുമാണ് ഇപ്പോൾ കയറ്റി വിടുന്നത്. പൊതു വിപണിയിൽ കൂടിയവില ഉണ്ടായിട്ടും കാരറ്റ് 20 രൂപയ്ക്കും കാബേജ് 16 രൂപയ്ക്കും സെലക്ഷൻ ബീൻസ് 45 രൂപയ്ക്കുമാണ് ഹോർട്ടികോർപ്പ് ശേഖരിക്കുന്നത്.
രണ്ടു ദിവസത്തിനകം കുറച്ചെങ്കിലും തുക അനുവദിക്കുവാനുള്ള ശ്രമം ഉണ്ടാകുമെന്ന് ഹോർട്ടികോർപ്പ് ജനറൽ മാനേജർ വി. രജത പറഞ്ഞു. കർഷകർക്ക് നല്കാനുള്ള കുടിശിക എത്രയും പെട്ടെന്ന് കൊടുത്തുതീർക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി ഹോർട്ടികോർപ്പ് ജില്ല മാനേജർ ആർ ജിജോയും പറഞ്ഞു. സർക്കാരിൽ നിന്നും ഹോർട്ടികോർപ്പിന് ലഭിക്കുവാനുള്ള തുക ഉടനടി ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.