ഇടുക്കി : ജില്ലയിൽ ഇതുവരെ 11 ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡുകൾ മുഖേന അനധികൃത 23620 പോസ്റ്ററുകളും 926 ബാനറുകളും 624 കൊടിതോരണങ്ങളും 85 ചുമരെഴുത്തുകളും നീക്കം ചെയ്തു. സിവിജിൽ മുഖേന ലഭിച്ചിട്ടുള്ള 116 പരാതികളിൽ 108 എണ്ണം തീർപ്പാക്കി. എട്ടെണ്ണത്തിന്റെ നടപടികൾ പുരോഗമിക്കുന്നു.
പോസ്റ്റർ, ഫ്ളക്സ് നീക്കുന്നത് ശക്തമാക്കി ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡ്
ഇടുക്കി : തൊടുപുഴ നിയോജകമണ്ഡലത്തിലെ പുതുച്ചിറ, വണ്ണപ്പുറം, ഒടിയപാറ, കരിമണ്ണൂർ, കോടിക്കുളം, പെരുമറ്റം, മുട്ടം കോടതി ജംഗ്ഷൻ, തുടങ്ങനാട്, തോട്ടുങ്കര എന്നിവിടങ്ങളിൽ പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന 519 പോസ്റ്ററുകൾ, 34 ഫ്ളക്സ് ബോർഡുകൾ, 85 കൊടികൾ എന്നിവ ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തു.
തൊടുപുഴ നിയോജക മണ്ഡലത്തില കരിമണ്ണൂരിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷന്റെ വെബ്‌സൈറ്റായ സി- വിജിലിൽ രജിസ്റ്റർ ചെയ്ത പരാതി ആന്റി ഡീഫേയ്സ്‌മെന്റ് സ്‌ക്വാഡ് സ്ഥലപരിശോധന നടത്തി നീക്കം ചെയ്ത് പരാതി പരിഹരിച്ചു. നിയോജകമണ്ഡലത്തിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡുകൾ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇതുവരെ 1764 വാഹനങ്ങൾ പരിശോധിച്ചിട്ടുണ്ടെന്ന് ഉപവരണാധികാരി അറിയിച്ചു.
സമ്മതിദായകർക്ക് ഓൺലൈൻ വോട്ടർ ക്വിസ്സ് പോഗ്രാം
ഇടുക്കി : സമ്മതിദായകർക്കായി ഓൺലൈൻ വോട്ടർ ക്വിസ്സ് പോഗ്രാം ഇടുക്കി ജില്ലയിൽ തയ്യാറാക്കി. ജില്ലയിലെ സ്വീപ്പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ 16ന് രാത്രി 8 മണിക്കാണ് ഓൺലൈൻ ക്വിസ്സ് സംഘടിപ്പിക്കുന്നത്. ഇതിനായി രൂപകൽപ്പന ചെയ്ത www.electionidukki.in വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു. ജനാധിപത്യ സംവിധാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും സമ്മതിദായകരുടെ അവബോധം വർദ്ധിപ്പിക്കുകയും ജനങ്ങൾക്ക് തിരഞ്ഞെടുപ്പിലുള്ള താല്പര്യവും വിശ്വാസവും ഉയർത്തി അതുവഴി ലോക്സഭാ തിരഞ്ഞെടുപ്പിൽ പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
രജിസ്‌ട്രേഷൻ സമയത്തു മൊബൈൽ ഫോണിൽ ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്താൽ പരിശീലനാർത്ഥം മോക്ക് ടെസ്റ്റിൽ പങ്കെടുക്കാം. പിന്നീട് ഏപ്രിൽ 16ന് രാത്രി 8 മണിയ്ക്ക് മുമ്പായി വീണ്ടും ലോഗിൻ ചെയ്ത് ക്വിസ്സ് പ്രോഗ്രാമിൽ പങ്കെടുക്കാം.
ഓരോ മാർക്കു വീതമുള്ള 60 ചോദ്യങ്ങൾക്ക് 30 മിനിറ്റ് സമയത്തിനുള്ളിൽ ഉത്തരം നൽകണം. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് മൂന്നാറിൽ സൗജന്യ താമസവും സമ്മാനങ്ങളും ഉണ്ട്. ജില്ലയ്ക്ക് പുറത്തുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ഇടുക്കി ജില്ലാ ഇലക്ഷൻ ഓഫീസറുടെ നേതൃത്വത്തിൽ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററാണ് വെബ്‌സൈറ്റ് തയ്യാറാക്കിയത്.
നിയമന ഉത്തരവുകൾ വിതരണം ചെയ്തു തുടങ്ങി
ഇടുക്കി : ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവുകൾ 9 മുതൽ വിതരണം ചെയ്തു തുടങ്ങി. ഉത്തരവുകൾ യഥാസമയം ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യാൻ ഓഫീസ് മേധാവികൾ ശ്രദ്ധിക്കണം. സ്‌കൂളുകൾക്ക് അവധി ആയതിനാൽ നിയമന ഉത്തരവുകൾ വിതരണം ചെയ്യുന്നതിനാവശ്യമായ പ്രത്യേക ക്രമീകരണങ്ങൾ സ്‌കൂൾ മേധാവികൾ ഒരുക്കണം.