tree
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ചുനാട് മേഖലയിൽ നിന്ന് ഗ്രാന്റിസ് മരങ്ങൾ മുറിച്ച് ലോറിയിൽ കൊണ്ടു പോകുന്നു.

മറയൂർ: മൂന്നരപതിറ്റാണ്ടുകൊണ്ട് മറയൂർ മലനിരകളുടെ പ്രകൃതിദുരന്തമായി മാറിയ യൂക്കാലിപ്റ്റസ് ഗ്രാൻഡിസ് ഒടുവിൽ പടിയിറങ്ങുന്നു. ഇവിടെനിന്ന് ലോറിയിൽ കയറ്റി അയക്കുന്ന ഓരോ ലോഡ് മരക്കഷ്ണങ്ങൾക്കുമൊപ്പം അഞ്ചുനാട്ടിലെ കർഷകരുടെ ആശങ്കകൾക്കൂടിയാണ് നാടുകടക്കുന്നത്.

കഴിഞ്ഞ ആറ് വർഷമായി കർഷകർ നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റാൻ സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചത്. ഇന്നലെ വൈകിട്ട് 4ന് കാന്തല്ലൂർ ഭാഗത്തെ മരങ്ങൾ മുറിച്ച് ആദ്യ ലോഡ് കയറ്റി വിട്ടതോടെ നാട്ടുകാർ ആഹ്ലാദം പങ്കിട്ടു. സ്വർഗസമാനമായ കാലാവസ്ഥയും ആവാസവ്യവസ്ഥയും പൊന്നുവിളയുന്ന മണ്ണും പ്രദേശത്തിന്റെ കുടിവെള്ള സ്രോതസുകളും മൂന്നരപതിറ്റാണ്ടുകൊണ്ട് ഇല്ലാതാക്കിയ അന്തകവൃക്ഷം മുറിച്ചു മാറ്റി സ്വാഭാവികത തിരിച്ചുപിടിക്കാനായിരുന്നു കർഷകരുടെ നിരന്തര പോരാട്ടം. 1980 കളിലെ സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായാണ് യൂക്കാലിപ്റ്റസ് മറയൂർ മലകയറിവന്നത്.
അനധികൃത ഭൂമി കൈയ്യേറ്റവും സർക്കാർ ഭൂമി ദുർവിനിയോഗവും സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഉമ്മൻചാണ്ടി സർക്കാർ നിയോഗിച്ച അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. 2014 ഒക്ടോബറിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
കേരളത്തിൽ ശീതകാല പച്ചക്കറികളുടെ കലവറയായ അഞ്ചുനാട് മേഖലയിലെ ഗ്രാന്റീസ് മരങ്ങൾ ഉപേക്ഷിച്ച് കൃഷിയിലേയ്ക്ക് തിരിയാൻ കർഷകർ തയ്യാറെടുക്കുമ്പോഴായിരുന്നു മരംമുറിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത്. അതോടെ ഇവിടുത്തെ കാർഷിക പരിവർത്തന പദ്ധതികളും പാഴാവുകയായിരുന്നു. ഇതോടെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാൻ മന്ത്രി വി.എസ്. സുനിൽകുമാർ നേരിട്ട് ഇടപെടുകയായിരുന്നു.
നൂറ്റാണ്ടുകളായി കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്നവർക്ക് ജല സ്രോതസുകൾ വറ്റിക്കുന്ന ഗ്രാന്റീസ് അന്തക വൃഷമാണന്നും ശീതകാല പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നുമുള്ള മന്ത്രിയുടെ ശ്രമഫലമായാണ് നിരോധനം പിൻവലിച്ച് മരം മുറിക്കാൻ അനുമതി ലഭിച്ചത്.