joice
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് കാമാക്ഷി പഞ്ചായത്തിലെ പ്രകാശിൽ നൽകിയ സ്വീകരണം

ചെറുതോണി : ഹൈറേഞ്ചിലെ കുടിയേറ്റ മണ്ണിൽ ജോയ്സ് ജോർജിന് വീരപരിവേഷത്തോടെയുള്ള വരവേൽപ്പ്. കിരീടവും തൊപ്പിയും ചാർത്തിയാണ് ജനങ്ങൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പൊതുപര്യടനത്തിന്റെ 14ാം ദിവസത്തെ പരിപാടികൾക്ക് ഇന്നലെ രാവിലെ താന്നിക്കണ്ടത്തായിരുന്നു തുടക്കം. തുടർന്ന് വാത്തിക്കുടി പഞ്ചായത്തിലെ രാജമുടി, മുരിക്കാശേരി, തോപ്രാംകുടി, പ്രകാശ്, തങ്കമണി, മരിയാപുരം, ഇടുക്കി, കാഞ്ചിയാർ, ലബ്ബക്കട, സ്വരാജ് എന്നിവിടങ്ങളിൽ പര്യടനം നടത്തി രാത്രി 8ന് കട്ടപ്പനയിൽ സമാപിച്ചു. നിശ്ചയിച്ചതിലും ഏറെ വൈകിയിട്ടും വൻജനാവലിയാണ് കട്ടപ്പനയിൽ കാത്തുനിന്നത്. താളമേളങ്ങളുടെയും വർണവൈവിദ്ധ്യങ്ങളുടെയും അകമ്പടിയോടെ ബൈക്ക് റാലിയും സ്ഥാനാർത്ഥിയുടെ ചിത്രം അടങ്ങിയ ടീ ഷർട്ട് ധരിച്ച യുവാക്കളും അടങ്ങിയ പര്യടനസംഘം പാതയോരങ്ങളിൽ കാത്ത് നിന്നവർക്കും ആകർഷകമായി. എൽ.ഡി.എഫ് നേതാക്കളായ കെ.കെ ജയചന്ദ്രൻ, ഗോപി കോട്ടമുറിക്കൽ, മാത്യു വർഗീസ്, സി.വി വർഗ്ഗീസ്, കെ.എസ്. മോഹനൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

എൽ.ഡി.എഫ് ഉജ്ജ്വല വിജയം നേടും: കെ.കെ ജയചന്ദ്രൻ

ചെറുതോണി : ഇടുക്കി മണ്ഡലത്തിൽ എൽ.ഡി.എഫ് ഉജ്ജ്വല വിജയം നേടുമെന്നും ഭൂരിപക്ഷം വർദ്ധിക്കുമെന്നും സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ പറഞ്ഞു. രാജമുടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പര്യടനപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർവേയിൽ മാത്രമാണ് ജയിക്കുന്നത്. വോട്ട് എണ്ണുമ്പോൾ എൽ.ഡി.എഫ് ജയിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എല്ലാ സർവേ റിപ്പോർട്ടുകളും ഇടുക്കിയിൽ യു.ഡി.എഫ് ജയിക്കുമെന്നാണ് പ്രവചിച്ചത്. എന്നാൽ ഫലം വന്നപ്പോൾ 50542 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജോയ്സ് ജോർജിനെ ജനങ്ങൾ ഡൽഹിയിലേയ്ക്കയച്ചു. ഇത്തവണ എൽ.ഡി.എഫിന് ഇടുക്കിയിൽ എക്കാലത്തെയും മികച്ച വിജയമാണ് ഉണ്ടാകാൻ പോകുന്നത്. പരാജയഭീതി പൂണ്ട യു.ഡി.എഫ് വിലകുറഞ്ഞ ആരോപണങ്ങളുമായി രംഗത്ത് വരുന്നത് പരിഹാസ്യമാണ്. ഇടുക്കിയിലെ റോഡുകളുടെയും പാലങ്ങളുടെയും ആവശ്യങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വർഷങ്ങളായി നിവേദനങ്ങളും പ്രൊപ്പോസലുകളും നിലവിലുണ്ട്. എന്നാൽ ഫണ്ട് അനുവദിപ്പിച്ച് നിർമ്മാണം നടത്തിച്ചത് ആരാണെന്നാണ് ജനങ്ങൾ നോക്കുന്നത്. ജോയ്സ് ജോർജ് നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ പിതൃത്വം തേടി അലയുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജോയ്സ് ജോർജിന്റെ ഇന്നത്തെ പര്യടനം

ചെറുതോണി : അഡ്വ. ജോയ്സ് ജോർജ് ഇന്ന് പായിപ്ര പഞ്ചായത്തിലും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലും പര്യടനം നടത്തും. ഉച്ചയ്ക്ക് 2ന് വാഴക്കുളത്ത് റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ രാവിലെ മുതൽ കോതമംഗലം മണ്ഡലത്തിലെ കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പര്യടനം നടത്തും.

ജോയ്സ് ജോർജ് എംപി അനുശോചിച്ചു

ചെറുതോണി : കെ.എം. മാണിയുടെ നിര്യാണത്തിൽ ഇടുക്കി പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ് അനുശോചിച്ചു. ദീർഘകാലം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞ് നിൽക്കുകയും നിയമനിർമ്മാണ രംഗത്ത് തന്റേതായ വ്യക്തി മുദ്രപതിപ്പിക്കുകയും ചെയ്ത ജനപ്രതിനിധിയായിരുന്നു അദ്ദേഹമെന്നും അനുശോചന കുറിപ്പിൽ പറഞ്ഞു.